
പാട്ന : ബിഹാറിൽ നാഷണൽ ഡെമോക്രാറ്റിക് അലയൻസ് (എൻഡിഎ) വൻ വിജയത്തിലേക്ക് നീങ്ങുന്നു. മുഖ്യമന്ത്രി നിതീഷ് കുമാർ തുടർച്ചയായി അഞ്ചാം തവണയും അധികാരത്തിലെത്തുമെന്ന് ഏതാണ്ട് ഉറപ്പിച്ചുകഴിഞ്ഞു. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് കുമാർ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം സംസ്ഥാനത്തെ 243 സീറ്റുകളിൽ എൻഡിഎ 199 സീറ്റുകളിൽ മുന്നേറുന്നു. 41 സീറ്റുകളിൽ ഇന്ത്യാ സഖ്യവും.
രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ജെഡിയു ഉൾപ്പെടുന്ന എൻഡിഎയ്ക്ക് ക്ലീൻ സ്വീപ്പ് ലഭിക്കുമെന്ന് മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചു. തേജസ്വി യാദവ് പ്രവചനങ്ങൾ തള്ളിക്കളയുകയും മഹാഗത്ബന്ധൻ വൻ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്ന് അവകാശപ്പെടുകയും ചെയ്തു. എന്നാൽ സർവ്വേഫലങ്ങളെ പ്രതിഫലിപ്പിച്ചാണ് നിലവിലെ ട്രെൻഡ് നീങ്ങുന്നത്.
എൻഡിഎ സഖ്യത്തിൽ 82 സീറ്റുകൾ നേടി ബിജെപി വലിയ മുന്നേത്തിലാണ്. സഖ്യകക്ഷിയായ നിതീഷിന്റെ ജെഡിയു 80 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. എൽജെപി 23 സീറ്റുകളിൽ കുതിക്കുന്നു. അതേസമയം, ഇന്ത്യാ സഖ്യത്തിന് മിക്ക മേഖലകളിലും തിരിച്ചടി നേരിടുന്നുണ്ട്. ആർജെഡി 36 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. ആർജെഡി നേതാവ് തേജസ്വി യാദവ് രഘോപൂരിൽ മുന്നിലാണ്. സഖ്യകക്ഷിയായ കോണ്‍ഗ്രസിനും വലിയ തിരിച്ചടിയാണ്. 5 സീറ്റുകളിൽ മാത്രമാണ് കോൺഗ്രസ് പാർട്ടി ലീഡ് ചെയ്യുന്നത്. സിപിഐ എംഎൽ 6 സീറ്റുകളിലും മുന്നേറുന്നു.
നവംബർ 6 നും 11 നും നടന്ന 243 അംഗ നിയമസഭയിലേക്കുള്ള രണ്ട് ഘട്ട തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 67.13% എന്ന ചരിത്രപരമായ പോളിംഗ് രേഖപ്പെടുത്തി.
















