
ഉത്തരാഖണ്ഡ് : ഉത്തരാഖണ്ഡിലെ മേഘ വിസ്‌ഫോടനത്തിലും തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തിലും നൂറോളം പേരെ കാണാതായി. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. ധരാലി ഗ്രാമത്തിന്റെ പകുതിയും തുടച്ചുനീക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇതുവരെ 4 മരണം സ്ഥിരീകരിച്ചു. തലസ്ഥാനമായ ഡെറാഡൂണില്‍നിന്ന് 140 കിലോമീറ്റര്‍ അകലെയാണ് ധരാലി.
വിനോദസഞ്ചാരികളടക്കം ഒട്ടേറെപ്പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഗംഗോത്രി യാത്രയ്ക്കിടെ വിശ്രമിക്കാന്‍ നിര്‍ത്തുന്ന സ്ഥലത്താണ് അപകടം ഉണ്ടായത്.
ഇന്നലെ ഉച്ചയ്ക്കു രണ്ടോടെയാണ് കനത്ത മഴയ്ക്കു പിന്നാലെ ധരാലിക്കു മുകളിലുള്ള മലയില്‍നിന്ന് വെള്ളവും മണ്ണും കുത്തിയൊഴുകിയെത്തിയത്. വിനോദസഞ്ചാരകേന്ദ്രമായതിനാല്‍ വീടുകള്‍ക്കുപുറമേ ധാരാളം ഹോട്ടലുകളും ഹോംസ്റ്റേകളും പ്രദേശത്തുണ്ട്. ഇത് അപകടത്തിന്റെ ആഴം കൂട്ടിയിട്ടുണ്ട്. ഇവിടുള്ള 50 വീടുകളും 20 ഹോട്ടലുകളും പൂര്‍ണമായി തകര്‍ന്നു. പ്രദേശത്ത് രാത്രിയിലും കനത്ത മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിനു തടസ്സമായിരുന്നു.
കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ മഴയാണ് മേഘവിസ്‌ഫോടനം. മണിക്കൂറില്‍ 100 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ ലഭിച്ചാല്‍ അതിനെ മേഘവിസ്‌ഫോടനമെന്നു പറയാം. മേഘ വിസ്‌ഫോടനമുണ്ടാകുന്ന സ്ഥലത്ത് വളരെ വേഗത്തില്‍ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലുമുണ്ടാകും.