
ദില്ലി: നീറ്റ് യുജി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് പരീക്ഷയെഴുതിയ 73328 പേർ അടക്കം 1236531 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. ആദ്യ നൂറിൽ കേരളത്തിൽ നിന്ന് ആരും ഉൾപ്പെട്ടില്ല. രാജസ്ഥാൻ സ്വദേശിയായ മഹേഷ് കുമാർ ഒന്നാമതെത്തി. ഒരു പെൺകുട്ടി മാത്രമാണ് ആദ്യ പത്ത് റാങ്കിൽ ഉള്ളത്. അഖിലേന്ത്യാ തലത്തിൽ അഞ്ചാം റാങ്ക് നേടിയ ദില്ലി സ്വദേശി അവിക അഗർവാളാണ് ആദ്യ പത്ത് റാങ്കിൽ ഉൾപ്പെട്ട ഒരേയൊരു പെൺകുട്ടി.
കോഴിക്കോട് നിന്ന് പരീക്ഷയെഴുതിയ ദീപ്‌നിയ ഡിബിയാണ് മലയാളികളിൽ ഒന്നാമതെത്തിയത്. അഖിലേന്ത്യാ തലത്തിൽ 109ാം റാങ്ക് നേടിയ ദീപ്‌നിയ പാലാ ബ്രില്യൻ്റ് സ്റ്റഡി സെൻ്ററിലെ വിദ്യാർത്ഥിയായിരുന്നു. ഇത്തവണ 2209318 പേരാണ് നീറ്റ് പരീക്ഷയെഴുതിയത്. പെൺകുട്ടികളിൽ അഖിലേന്ത്യാ തലത്തിൽ 18ാം സ്ഥാനത്താണ് മലയാളിയായ ദീപ്‌നിയ ഡിബി. മധ്യപ്രദേശിൽ നിന്നുള്ള ഉത്‌കർഷ് അവധിയ രണ്ടും മഹാരാഷ്ട്രയിൽ നിന്നുള്ള കൃഷ്‌ണ ജോഷിക്ക് മൂന്നും റാങ്ക് നേടി.