അമ്മയെകൊന്ന പ്രതി അച്ഛനെയും കൊന്നു; ‘എനിക്കിനിയാരുണ്ടെന്ന’ അഖിലയുടെ നിലവിളിക്കു മുന്നിൽ വിറങ്ങലിച്ച് കേരളം, നെന്മാറയിൽ വൻ പ്രതിഷേധം

പാലക്കാട്: അമ്മയെ കൊലപ്പെടുത്തിയ പ്രതി ജാമ്യത്തിലിറങ്ങി അച്ഛനേയും കൊന്ന നടുക്കുന്ന സംഭവത്തിനു സാക്ഷിയാകേണ്ടിവന്ന മകളുടെ നിലവിളിയാണ് ഇപ്പോൾ കേരളത്തിന്റെ ഹൃദയത്തിൽ ആഞ്ഞടിക്കുന്നത്. പ്രതി ചെന്താമരയെ പേടിച്ച് ബന്ധുവീട്ടിലാണ് കഴിഞ്ഞിരുന്നതെന്ന് നെന്മാറയില്‍ കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ അഖില പറഞ്ഞു. ആദ്യം അമ്മയെ നഷ്ടമായി, ഇപ്പോള്‍ അച്ഛനെയും, എനിക്കിനി ആരുണ്ടെനന്ന് പറഞ്ഞാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അഖില പൊട്ടിക്കരഞ്ഞത്.

പ്രതിയെക്കുറിച്ച് കൂട്ടപ്പരാതി നല്‍കിയിട്ടും പോലീസ് പോലീസ് ഗൗരവമായി കണ്ടില്ല. എന്റെ അച്ഛനും നാട്ടുകാരും പോയാണു പോലീസില്‍ പരാതി കൊടുത്തത്. എന്നിട്ട് ഇവരെന്താണ് ഇങ്ങനെ ചെയ്തതെന്നറിയില്ല. ചെന്താമരയെ വിളിച്ചുവരുത്തി അന്വേഷിക്കാമെന്ന് പറഞ്ഞു. എനിക്കിവിടെ വരാന്‍ പേടിയായിട്ടാണ് ഞാനവിടെ തന്നെ നിന്നത്. ഡിസംബര്‍ 29 ന് ഞാന്‍ വന്ന് പരാതി കൊടുത്തു. ഭീഷണിപ്പെടുത്തുന്നു, എനിക്ക് പേടിയാണ് എന്നും പറഞ്ഞു. പേടിയായത് കൊണ്ടാ അച്ഛനൊപ്പം ഞാന്‍ വരാതിരുന്നത്. ഞാന്‍ വന്നിരുന്നെങ്കില്‍ ഇതു തന്നെയല്ലെ എന്റെയും അവസ്ഥ. എന്റച്ഛനും അച്ഛമ്മയുമാണ് പോയത്. എനിക്കിനി ആരാ ഉള്ളത്- അഖില ചോദിച്ചു.

അതേസമയം നെന്മാറയിൽ അമ്മയേയും മകനേയും വെട്ടിക്കൊന്ന പ്രതി ചെന്താമരയുടെ വീട്ടിൽനിന്ന് കൊലയ്ക്കുപയോഗിച്ച കൊടുവാൾ കണ്ടെടുത്തു. കൂടാതെ പകുതിയൊഴിഞ്ഞ വിഷക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. പോലീസ് വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.

അതേസമയം ഒളിവില്‍ പോയ ചെന്താമരയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഒന്നുകിൽ കൃത്യത്തിന് ശേഷം പ്രതി കാട്ടിലേക്ക് ഒളിച്ചുപോയിരിക്കാം. അല്ലെങ്കിൽ തിരുപ്പൂരിലെ ബന്ധുവീട്ടിലേക്ക് പോയിരിക്കാം. പൊലീസിന്‍റെ നി​ഗമനത്തിൽ മറ്റൊന്ന് വിഷം കഴി‍ച്ച് പ്രതി അടുത്ത പ്രദേശത്തെവിടെയെങ്കിലും കിടക്കുന്നുണ്ടാകാം എന്നാണ്. ഈ സംശയം മുൻനിർത്തിയാണ് പോലീസ് സമീപപ്രദേശങ്ങളിലാകെ പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്. പ്രതിയെ ഉടൻ തന്നെ പിടികൂടാൻ സാധിക്കുമെന്നാണ് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ഫോണ്‍ ഉപേക്ഷിച്ച ശേഷമാണ് പ്രതി ചെന്താമര രക്ഷപ്പെട്ടത്. പ്രതിയെ കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധന നടത്താനുള്ള തീരുമാനത്തിലാണ് പൊലീസ്.

More Stories from this section

family-dental
witywide