
നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിൽ ‘ജെൻ സി’ പ്രക്ഷോഭകർ മുൻ പ്രധാനമന്ത്രി ഝലനാഥ് ഖനാലിന്റെ വീടിന് തീയിട്ടതിനെ തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ രാജ്യലക്ഷ്മി ചിത്രാക്കർ വെന്തുമരിച്ചു. വീടിനുള്ളിൽ കുടുങ്ങിയ രാജ്യലക്ഷ്മിക്ക് രക്ഷപ്പെടാനായില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വാട്സ്ആപ്പ്, ഫേസ്ബുക്ക്, എക്സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങിയ 26 സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ സർക്കാർ നിരോധിച്ചതിനെതിരെ ഉയർന്ന പ്രതിഷേധമാണ് രാജ്യത്ത് അക്രമാസക്തമായ സംഘർഷങ്ങളിലേക്ക് നയിച്ചത്. രജിസ്ട്രേഷൻ പൂർത്തിയാക്കാത്ത സോഷ്യൽ മീഡിയകൾ നിർത്തലാക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ജനരോഷം ആളിക്കത്തുകയായിരുന്നു.
സർക്കാരിനെതിരെ പ്രതിഷേധം: പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവച്ചതായി റിപ്പോർട്ട്
നേപ്പാൾ സർക്കാർ സോഷ്യൽ മീഡിയ നിരോധനം പിൻവലിച്ചെങ്കിലും പ്രക്ഷോഭം അടങ്ങിയില്ല. അഭിപ്രായസ്വാതന്ത്ര്യം അടിച്ചമർത്തുന്നുവെന്നും ജനാധിപത്യ അവകാശങ്ങൾ നിഷേധിക്കുന്നുവെന്നും ആരോപിച്ച് ‘ജെൻ സി’ പ്രക്ഷോഭകർ തെരുവിലിറങ്ങി. പ്രതിഷേധം കൂടുതൽ ശക്തമായതോടെ പ്രധാനമന്ത്രി കെ.പി. ശർമ ഒലിയും പ്രസിഡന്റ് രാം ചന്ദ്ര പൗഡേലും രാജിവച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. പ്രക്ഷോഭകർ നേപ്പാൾ സുപ്രീം കോടതി സമുച്ചയത്തിനും പാർലിമെന്റ് മന്ദിരത്തിനും തീയിട്ടതോടെ രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമായി. അക്രമം കത്തിപ്പടരുന്ന സാഹചര്യത്തിൽ പ്രക്ഷോഭം നിയന്ത്രണാതീതമായി തുടരുകയാണ്.
ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം
നേപ്പാളിലെ അസ്ഥിരമായ സാഹചര്യത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അവിടെയുള്ള ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. നേപ്പാളിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും നിലവിൽ രാജ്യത്തുള്ളവർ സുരക്ഷിത സ്ഥലങ്ങളിൽ തുടരണമെന്നും മന്ത്രാലയം അറിയിച്ചു. പുറത്തിറങ്ങുന്നത് ഒഴിവാക്കാനും സർക്കാർ നിർദേശങ്ങൾ കർശനമായി പാലിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ പൗരന്മാർക്കായി ഹെൽപ്പ് ലൈൻ സേവനവും ആരംഭിച്ചിട്ടുണ്ട്. സംഘർഷം ശമിക്കുന്നതുവരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.