
കാഠ്മണ്ഡു: യുവാക്കള്‍ നയിച്ച അക്രമാസക്തമായ പ്രതിഷേധങ്ങള്‍ക്കു വഴങ്ങി സോഷ്യല്‍ മീഡിയ സൈറ്റുകള്‍ നിരോധിക്കാനുള്ള തീരുമാനം പിന്‍വലിച്ച് നേപ്പാള്‍ സര്‍ക്കാര്‍. തിങ്കളാഴ്ച രാത്രിയോടെയാണ് പ്രഖ്യാപം എത്തിയത്. പ്രതിഷേധങ്ങളില്‍ കുറഞ്ഞത് 19 പേര്‍ മരിക്കുകയും 300 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനെത്തുടര്‍ന്നാണിത്.
‘Gen Z’ (ജെന്‍ സി)എന്ന പേരില്‍ ഒത്തുകൂടിയ യുവ പൗരന്മാരുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധങ്ങള്‍ രാജ്യാന്തര തലത്തില്‍ വാര്‍ത്തയാകുകയും വന്‍ ശ്രദ്ധ നേടുകയും നേപ്പാള്‍ സര്‍ക്കാര്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു.
നേപ്പാളില്‍ പ്രതിഷേധങ്ങള്‍ എന്തുകൊണ്ട്?
ഫേസ്ബുക്ക്, യൂട്യൂബ്, വാട്ട്‌സ് ആപ്പ് എക്‌സ് തുടങ്ങിയവ ഉള്‍പ്പെടെ ഏറ്റവും ജനപ്രിയമായ സമൂഹ മാധ്യമങ്ങള്‍ വെള്ളിയാഴ്ച നേപ്പാളില്‍ നിരോധിച്ചതിനെത്തുടര്‍ന്നാണ് പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. പുതിയ നിയമങ്ങള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്യാത്തതിന് തടഞ്ഞ 26 പ്ലാറ്റ്ഫോമുകളില്‍ ഇവയും ഉള്‍പ്പെടുന്നു. പ്രതിഷേധക്കാരിലധികവും മുപ്പതു വയസില്‍ താഴെയുള്ള യുവാക്കളായിരുന്നു. ഇവര്‍ പാര്‍ലമെന്റിന് സമീപമുള്ള നിയന്ത്രിത പ്രദേശത്തേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് വെടിവയ്ക്കുകയും കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിക്കുകയും ചെയ്തു. കാഠ്മണ്ഡുവില്‍ മാത്രം 17 പേര്‍ മരിച്ചതായി സ്ഥിരീകരിച്ച പൊലീസ്, 100-ലധികം പൊലീസുകാര്‍ ഉള്‍പ്പെടെ 400 ഓളം പേര്‍ക്ക് പരിക്കേറ്റതായി പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നയിക്കുന്ന ബഹുകക്ഷി സഖ്യത്തിന് നേതൃത്വം നല്‍കുന്ന പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലി, പുതിയ നിയമങ്ങള്‍ ‘ദേശീയ താല്‍പ്പര്യത്തിന്’ വേണ്ടിയുള്ളതാണെന്ന നിലപാടില്‍ ആദ്യം ഉറച്ചുനിന്നു. പ്രതിഷേധങ്ങള്‍ക്ക് ശേഷം, തിങ്കളാഴ്ച വൈകുന്നേരം നടന്ന മന്ത്രിസഭാ യോഗത്തില്‍ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രി രമേശ് ലേഖക് രാജിവെക്കേണ്ട സ്ഥിതി വരെ എത്തി കാര്യങ്ങള്‍. പിന്നാലെ നിരോധനത്തില്‍ നിന്ന് സര്‍ക്കാരിന് പിന്നോട്ട് പോകേണ്ടി വന്നു. നേപ്പാളിലെ കമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍, ബ്രോഡ്കാസ്റ്റിംഗ് മന്ത്രി പൃഥ്വി സുബ്ബ ഗുരുങ്, തീരുമാനം പിന്‍വലിച്ചതായും സമൂഹമാധ്യമങ്ങളുടെ വിലക്ക് നീക്കാനും ഉത്തരവിട്ടതായി പ്രഖ്യാപിച്ചു.