ജെൻ സി പ്രക്ഷോഭത്തിൽ ആഭ്യന്തര മന്ത്രിക്ക് അടിതെറ്റി, രാജിവെച്ചു; പ്രക്ഷോഭം നേപ്പാളിലാകെ പടരുന്നു, 19 മരണം, നിരവധി പേർക്ക് പരിക്ക്, തെരുവുകളിൽ സൈന്യമിറങ്ങി

നേപ്പാളിൽ രാജ്യസുരക്ഷയുടെ പേര് പറഞ്ഞ് സാമൂഹിക മാധ്യമങ്ങൾ കൂട്ടത്തോടെ നിരോധിച്ചതിനെ തുടർന്ന് ലക്ഷക്കണക്കിന് യുവതീയുവാക്കൾ തെരുവിലിറങ്ങിയുള്ള ‘ജെൻ സി’ പ്രക്ഷോഭത്തിൽ ആഭ്യന്തര മന്ത്രിക്ക് അടിതെറ്റി. പ്രക്ഷോഭത്തിന്‍റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് നേപ്പാൾ ആഭ്യന്തര മന്ത്രി രമേശ് ലെഖാക് രാജിവച്ചു. സർക്കാർ അഴിമതി മറച്ചുവെക്കാനുള്ള നീക്കമാണ് സോഷ്യൽ മീഡിയ നിരോധനമെന്ന് ആരോപിച്ചാണ് ജെൻ സി യുവത പാർലമെന്റ് വളപ്പിലേക്ക് ഇരച്ചുകയറിയത്. പ്രക്ഷോഭം സംഘർഷത്തിലേക്ക് വഴിമാറിയതോടെ പൊലീസ് നടത്തിയ വെടിവയ്പ്പിൽ 19 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതോടെയാണ് മന്ത്രി രാജിവച്ചത്

പ്രധാന നഗരങ്ങളിൽ നിന്ന് സമരം കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചതോടെ സർക്കാർ സൈന്യത്തെ വിന്യസിച്ചു. പാർലമെന്റിലേക്ക് നടത്തിയ യുവാക്കളുടെ മാർച്ച് സംഘർഷത്തിൽ കലാശിച്ചപ്പോൾ, സ്ഥിതിഗതികൾ നിയന്ത്രണാതീതമായി. പ്രക്ഷോഭകർക്കെതിരെ പൊലീസ് ഉപയോഗിച്ച ബലപ്രയോഗം വിമർശനങ്ങൾക്ക് വഴിവെച്ചു. രാജ്യവ്യാപകമായി യുവാക്കൾ തെരുവിൽ തുടരുന്ന പ്രതിഷേധം സർക്കാരിന് വലിയ വെല്ലുവിളിയായി മാറിയിരിക്കുകയാണ്.

ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് നേപ്പാൾ ആഭ്യന്തര മന്ത്രി രാജിവച്ചെങ്കിലും പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള സർക്കാർ ശ്രമങ്ങൾ ഇതുവരെ വിജയം കണ്ടിട്ടില്ല. സോഷ്യൽ മീഡിയ നിരോധനം പിൻവലിക്കണമെന്നും സർക്കാർ അഴിമതിക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യുവാക്കൾ പ്രതിഷേധം തുടരുകയാണ്. രാജ്യത്തിന്റെ പല ഭാഗങ്ങളിലും സൈന്യത്തിന്റെ സാന്നിധ്യം ശക്തമാക്കിയിട്ടുണ്ടെങ്കിലും, ജൻ സി പ്രക്ഷോഭം ശമിക്കുന്ന ലക്ഷണമില്ല.

More Stories from this section

family-dental
witywide