
കാഠ്മണ്ഡു: സമൂഹമാധ്യമങ്ങള്‍ നിരോധിക്കാനുള്ള തീരുമാനം പിന്‍വലിച്ചെങ്കിലും പ്രതിഷേധം തുടര്‍ന്ന് നേപ്പാളിലെ യുവ ജനങ്ങള്‍. പ്രക്ഷോഭകര്‍ അക്രമാസക്തരായതിനെ തുടര്‍ന്ന് തലസ്ഥാനമായ കഠ്മണ്ഡു ഉള്‍പ്പെടെ വിവിധ പ്രദേശങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലിയുടെ രാജി പ്രക്ഷോഭകര്‍ ആവശ്യപ്പെട്ടു. മുന്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡയുടെ വീട് പ്രക്ഷോഭകാരികള്‍ തകര്‍ത്തു. ചില മന്ത്രിമാരുടെയും നിരവധി നേതാക്കളുടെയും വീടുകളും തകര്‍ക്കപ്പെട്ടു. ചിലത് തീയിട്ടു. കലാപം അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതിഷേധം അതിരുവിട്ടതോടെ സമ്മര്‍ദ്ദത്തിലായ സര്‍ക്കാര്‍ തിങ്കളാഴ്ച രാത്രിയോടെയാണ് സമൂഹമാധ്യമ നിരോധന തീരുമാനം പിന്‍വലിച്ചത്. പ്രതിഷേധങ്ങളില്‍ കുറഞ്ഞത് 19 പേര്‍ മരിക്കുകയും 300 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സര്‍ക്കാരിലുള്ള കൊലപാതകികളെ ശിക്ഷിക്കണമെന്നും, കുട്ടികളെ കൊല്ലുന്നത് അവസാനിപ്പിക്കണമെന്നും പ്രക്ഷോഭകാരികള്‍ ആവശ്യപ്പെട്ടു.
വാട്‌സാപ്, ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം, എക്‌സ്, യുട്യൂബ് എന്നിവയടക്കം 26 സമൂഹമാധ്യമ സൈറ്റുകള്‍ കഴിഞ്ഞ വ്യാഴാഴ്ച സര്‍ക്കാര്‍ നിരോധിച്ചതോടെയാണ് പ്രക്ഷോഭം ആരംഭിച്ചത്. ഐടി, വാര്‍ത്താവിനിമയ മന്ത്രാലയത്തില്‍ സൈറ്റുകള്‍ റജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ പാലിക്കാതെ വന്നതോടെയാണു സര്‍ക്കാര്‍ നടപടിയെടുത്തത്. വ്യാജവാര്‍ത്തകളും വിദ്വേഷപ്രചരണങ്ങളും തടയാനുള്ള നടപടികളുടെ ഭാഗമായി സമൂഹമാധ്യമങ്ങളെ ചട്ടവിധേയമാക്കാനാണു റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചത്.