
കാഠ്മണ്ഡു : ജെന്‍ സി പ്രക്ഷോഭത്തെ തുടന്ന് രാജിവച്ച പ്രധാനമന്ത്രി കെ.പി. ശര്‍മ്മ ഒലിക്കു പകരം നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രി സ്ഥാനത്തേക്ക് മുന്‍ ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി എത്തുമെന്ന് ഉറപ്പായതോടെ നേപ്പാള്‍ ശാന്തമാകുന്നു. നേപ്പാളില്‍ ദിവസങ്ങളായി തുടര്‍ന്ന കലാപാന്തരീക്ഷത്തില്‍ മാറ്റം വന്നെന്നാണ് റിപ്പോര്‍ട്ട്. നേപ്പാള്‍ സൈനിക മേധാവി ജനറല്‍ അശോക് രാജ് സിഗ്ഡലിന്റെ ഇടപെടലിനെ തുടര്‍ന്നാണ് കര്‍ക്കി പ്രധാനമന്ത്രിയാകാന്‍ സമ്മതിച്ചത്.
സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച കാഠ്മണ്ഡുവിലെ ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളം ഇന്നലെ തുറന്നു. പ്രതിഷേധത്തിന് കാരണമായ ഇന്റര്‍നെറ്റ് നിരോധനം നിലവിലില്ല എങ്കിലും കര്‍ഫ്യൂ നിലവിലുണ്ട്. അഴിമതിക്കും സമൂഹമാധ്യമ നിരോധനത്തിനുമെതിരെ യുവാക്കള്‍ നടത്തിയ പ്രക്ഷോഭത്തിലും തുടര്‍ന്നുള്ള പൊലീസ് നടപടിയിലും 30 പേരാണ് കൊല്ലപ്പെട്ടത്. ആയിരത്തിലേറെ പേര്‍ക്കാണ് പരുക്കേറ്റത്.
ആദ്യം കര്‍ക്കി പ്രധാനമന്ത്രിയാകണമെന്ന തീരുമാനം സ്വീകരിക്കാന്‍ മടികാണിച്ചെങ്കിലും 15 മണിക്കൂറിനുശേഷം ജെന്‍ സി ഗ്രൂപ്പുകള്‍ ഔപചാരികമായി അഭ്യര്‍ത്ഥിച്ചപ്പോള്‍ അവര്‍ സമ്മതിക്കുകയായിരുന്നു. കാഠ്മണ്ഡു മേയര്‍ ബലേന്ദ്ര ഷായെ ഇടക്കാല പ്രധാനമന്ത്രിയാകണമെന്ന് ജെന്‍ സി പ്രതിഷേധക്കാരില്‍ ഒരു വിഭാഗം ആവശ്യപ്പെട്ടുവെങ്കിലും കൂടുതല്‍ പേര്‍ കര്‍ക്കിയെ പിന്തുണയ്ക്കുകയായിരുന്നു.














