‘ഓടേണ്ടവർക്ക് ഓടാം, ഒളിക്കാം, പക്ഷേ ഞങ്ങൾ നിന്നെ പിടികൂടും’, ദോഹയിൽ ഹമാസിനെ ലക്ഷിമിട്ട് നടത്തിയ ആക്രമണത്തെ വിമർശിക്കുന്നവർക്ക് ഇരട്ടത്താപ്പെന്നും നെതന്യാഹു

ജറുസലേം: ഖത്തറിലെ ആക്രമണം ഇസ്രയേലിന്റെ സ്വതന്ത്ര തീരുമാനമാണെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചു. യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിക്കവേ, ആക്രമണത്തിന്റെ പൂർണ ഉത്തരവാദിത്തം ഇസ്രയേൽ ഏറ്റെടുക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. ഹമാസിനെ ലക്ഷ്യമിട്ട് നടത്തിയ ഈ ആക്രമണത്തെ വിമർശിക്കുന്നവർ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും നെതന്യാഹു ആരോപിച്ചു. “സെപ്റ്റംബർ 11ന്റെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനു ശേഷം ഐക്യരാഷ്ട്രസഭ അംഗീകരിച്ച പ്രമേയം ഒരു രാഷ്ട്രവും ഭീകരവാദികളെ സംരക്ഷിക്കരുതെന്ന് വ്യക്തമാക്കുന്നു. ഭീകരർക്ക് സുരക്ഷ നൽകിയ ശേഷം പരമാധികാരത്തെക്കുറിച്ച് സംസാരിക്കാനാവില്ല. ഓടേണ്ടവർക്ക് ഓടാം, ഒളിക്കാം, പക്ഷേ ഞങ്ങൾ നിന്നെ പിടികൂടും,” നെതന്യാഹു ശക്തമായി പ്രതികരിച്ചു.

ഗാസയിൽ തകർക്കപ്പെട്ട ബഹുനില കെട്ടിടങ്ങൾ ഹമാസിന്റെ ശക്തികേന്ദ്രങ്ങളാണെന്നും, ഗാസയെ അപകടത്തിൽനിന്ന് രക്ഷിക്കാൻ ഇസ്രയേൽ എല്ലാ ശ്രമങ്ങളും തുടരുമെന്നും നെതന്യാഹു അവകാശപ്പെട്ടു. യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെ സന്ദർശനം, ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ യുഎസ് ഇസ്രയേലിനൊപ്പം ഉറച്ചു നിൽക്കുന്നുവെന്ന സന്ദേശമാണ് നൽകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഗൾഫ് രാജ്യങ്ങളുടെ രോഷത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ചില അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതുണ്ടെന്നും, ഇനി എന്ത് ചെയ്യണമെന്നതിലാണ് ശ്രദ്ധയെന്നും റൂബിയോ പ്രതികരിച്ചു. ഹമാസിനെ പൂർണമായി ഇല്ലാതാക്കാതെ ഗാസയിലെ ജനങ്ങൾക്ക് നല്ല ഭാവി ഉറപ്പാക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എല്ലാ ബന്ദികളെയും ഉടൻ മോചിപ്പിക്കണമെന്നും, ഹമാസിന്റെ നിർമാർജനം ഗാസയുടെ ഭാവിക്ക് അനിവാര്യമാണെന്നും റൂബിയോ ആവർത്തിച്ചു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഈ ലക്ഷ്യങ്ങളിൽ പ്രതിജ്ഞാബദ്ധനാണെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ ഭീഷണി ഇസ്രയേലിനും യുഎസിനും മാത്രമല്ല, ഗൾഫ് സഖ്യകക്ഷികൾക്കും യൂറോപ്പിനും ഒരുപോലെ ബാധകമാണെന്നും റൂബിയോ ചൂണ്ടിക്കാട്ടി. ഖത്തറിലെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ, അറബ്-ഇസ്ലാമിക ഉച്ചകോടിയിൽ ഇസ്രയേലിനെതിരെ ഉയർന്ന രൂക്ഷ വിമർശനങ്ങൾക്കിടയിൽ, ഈ പ്രതികരണങ്ങൾ മേഖലയിലെ രാഷ്ട്രീയ സമവാക്യങ്ങൾ കൂടുതൽ സങ്കീർണമാക്കുമെന്നാണ് വിലയിരുത്തൽ.