
ന്യൂയോർക്ക്: യുഎൻ പൊതുസഭയിൽ പങ്കെടുക്കുന്നതിന് യുഎസ്സിലേക്ക് യാത്ര ചെയ്തത ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യൂറോപ്യൻ ആകാശപാതകൾ ഒഴിവാക്കിയെന്ന് റിപ്പോർട്ട്. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട് നിലവിലുള്ളതിനാൽ യൂറോപ്യൻ രാജ്യങ്ങളുടെ വ്യോമാതിർത്തി ഒഴിവാക്കാനായി അദ്ദേഹം ദൈർഘ്യമേറിയ വഴിയാണ് തിരഞ്ഞെടുത്തത്.
സാധാരണയായി യൂറോപ്പിലൂടെ പറക്കേണ്ട വിമാനം മെഡിറ്ററേനിയൻ കടലിന്റെ ദിശയിലേക്ക് തിരിച്ചുവിട്ടാണ് യാത്ര ചെയ്തത്. ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഇതിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും യുദ്ധക്കുറ്റകൃത്യങ്ങളുടെ പേരിൽ ചില യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ അറസ്റ്റ് ഉണ്ടാകുന്നത് ഒഴിവാക്കുക എന്നതായിരുന്നു ഈ നീക്കമെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗ്രീസ്, ഇറ്റലി എന്നീ രാജ്യങ്ങളുടെ വ്യോമാതിർത്തിയിലൂടെ വിമാനം കടന്നുപോയെങ്കിലും ഫ്രാൻസിന്റെയും സ്പെയിനിന്റെയും വ്യോമാതിർത്തി പൂർണ്ണമായി ഒഴിവാക്കി. ഇത് യാത്രാസമയം വർദ്ധിപ്പിച്ചു.
പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ കാണുന്നതുകൂടി ലക്ഷ്യം വെച്ചാണ് അമേരിക്കയിലേക്ക് നെതന്യാഹു പോയത്.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ന് (വെള്ളിയാഴ്ച) ന്യൂയോർക്കിൽ നടക്കുന്ന യുഎൻ പൊതുസഭയിൽ സംസാരിക്കും. ഏകദേശം രണ്ട് വർഷത്തെ ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, പലസ്തീൻ രാഷ്ട്ര പദവി സംബന്ധിച്ച വിഷയം അദ്ദേഹം അഭിസംബോധന ചെയ്യുകയും ഈ നീക്കത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളെ അപലപിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്.