
ന്യൂയോർക്ക്: ഗാസയിലെ ഇസ്രയേലിന്‍റെ യുദ്ധത്തെ വിമർശിക്കുന്ന ലോകനേതാക്കൾക്കെതിരെ ആഞ്ഞടിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ലോകനേതാക്കൾ പക്ഷപാതപരമായ മാധ്യമങ്ങൾ, തീവ്ര ഇസ്ലാമിക വിഭാഗങ്ങൾ, ജൂതവിരുദ്ധ സംഘങ്ങൾ എന്നിവർക്ക് വഴങ്ങിക്കൊടുക്കുകയാണെന്ന് നെതന്യാഹു യുഎൻ പൊതുസഭയിലെ പ്രസംഗത്തിൽ കുറ്റപ്പെടുത്തി. ഒക്ടോബർ ഏഴിലെ ആക്രമണത്തിന് ശേഷം ഇസ്രയേലിന് ലഭിച്ച ആഗോള പിന്തുണ “ഒരു നാഗരിക രാജ്യം ഇത്തരം ക്രൂരമായ ആക്രമണത്തിന് ശേഷം ചെയ്യേണ്ടത് ചെയ്തപ്പോൾ പെട്ടെന്ന് ഇല്ലാതായി – ഞങ്ങൾ തിരിച്ചടിച്ചു,” നെതന്യാഹു ഗാസയിലെ നിലവിലെ യുദ്ധത്തെക്കുറിച്ച് സംസാരിക്കവെ പറഞ്ഞു.
തുടർന്ന് അദ്ദേഹം ലോകനേതാക്കൾ ഇസ്രയേലിനെതിരെ രാഷ്ട്രീയപരവും നിയമപരവുമായ യുദ്ധം നടത്തുകയാണെന്ന് ആരോപിച്ചു. അവർ ഇസ്രയേലിനെ ബലികൊടുത്ത് ജിഹാദിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയാണ് എന്നും അദ്ദേഹം അവകാശപ്പെട്ടു. ഇത് ഇസ്രയേലിനെതിരെയുള്ള കുറ്റാരോപണമല്ല. ഇത് നിങ്ങൾക്കെതിരെയുള്ള കുറ്റാരോപണമാണ്. നിങ്ങളുടെ കവാടങ്ങളിൽ നിങ്ങളെ സംരക്ഷിക്കുന്ന ധീരരായ സൈനികരുള്ള ഒരു രാജ്യത്തെ പിന്തുണയ്ക്കുന്നതിന് പകരം തിന്മയെ പ്രീണിപ്പിക്കുന്ന ദുർബലരായ നേതാക്കൾക്കെതിരെയുള്ള കുറ്റമാണിത്. അവർ നിങ്ങളുടെ കവാടങ്ങളിൽ ഇതിനകം പ്രവേശിച്ചു കഴിഞ്ഞു,” നെതന്യാഹു പറഞ്ഞു. “ഒരു പഴഞ്ചൊല്ലുണ്ട്, ‘കാര്യങ്ങൾ കടുപ്പമാകുമ്പോൾ, ശക്തർ മുന്നോട്ട് പോകും.’ എന്നാൽ ഇവിടെയുള്ള പല രാജ്യങ്ങൾക്കും, കാര്യങ്ങൾ കടുപ്പമായപ്പോൾ, നിങ്ങൾ കീഴടങ്ങി. ആ തകർച്ചയുടെ ലജ്ജാകരമായ ഫലമാണിത്” അദ്ദേഹം കൂട്ടിച്ചേർത്തു.













