
ടെൽ അവീവ്: ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിലപാടിനെതിരെ മന്ത്രിസഭയിലെ തീവ്ര വലതുപക്ഷ പാർട്ടികൾ രംഗത്തെത്തി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ 20 ഇന സമാധാന പദ്ധതിയെ എതിർത്ത് ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ കൂട്ടുകക്ഷി സർക്കാരിൽനിന്ന് പിന്മാറുമെന്ന് ഭീഷണിപ്പെടുത്തി. ഹമാസിനെ പുനരുജ്ജീവിപ്പിക്കുന്ന ഒരു നീക്കവും അംഗീകരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഗാസയിൽ ആക്രമണം താൽക്കാലികമായി നിർത്തുന്നത് ഇസ്രയേലിന്റെ തന്ത്രപരമായ മേൽക്കൈ നഷ്ടപ്പെടുത്തുമെന്ന് ധനമന്ത്രി ബെസാലേൽ സ്‌മോട്രിച്ചും മുന്നറിയിപ്പ് നൽകി.
നെതന്യാഹുവിന്റെ വിട്ടുവീഴ്ചകൾ ഗുരുതരമായ തെറ്റുകളാണെന്ന് വലതുപക്ഷ നേതാക്കൾ ആരോപിക്കുന്നു. ബന്ദികളെ മോചിപ്പിക്കുക, ഹമാസിനെ ഇല്ലാതാക്കുക, ഗാസയെ സൈനികമായി നിരായുധീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളിൽനിന്ന് വ്യതിചലിക്കുന്നത് രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നാണ് ഇവരുടെ വാദം. പാർലമെന്റിലെ 120 സീറ്റുകളിൽ 13 എം.പിമാരുള്ള ബെൻ ഗ്വിറിന്റെയും സ്‌മോട്രിച്ചിന്റെയും പാർട്ടികൾ പിന്തുണ പിൻവലിച്ചാൽ, നെതന്യാഹുവിന്റെ സഖ്യ സർക്കാർ തകർച്ച നേരിടും. ഇതിനിടെ, ട്രംപിന്റെ സമാധാന പദ്ധതി മുന്നോട്ടുകൊണ്ടുപോകാൻ താൽക്കാലിക പിന്തുണ വാഗ്ദാനം ചെയ്ത പ്രതിപക്ഷ നേതാവ് യായർ ലാപിഡ്, അതിന് പകരമായി നേരത്തെയുള്ള തിരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടു.
നിലവിലെ സർക്കാർ 2026 ഒക്ടോബർ വരെ കാലാവധി പൂർത്തിയാക്കാൻ സാധ്യത കുറവാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. തീവ്ര വലതുപക്ഷ പാർട്ടികളുടെ ശക്തമായ സ്വാധീനവും നെതന്യാഹുവിന്റെ വിട്ടുവീഴ്ച നിലപാടുകളും സർക്കാരിന്റെ സ്ഥിരതയെ ചോദ്യം ചെയ്യുന്നു. ഗാസ വിഷയത്തിലെ അനിശ്ചിതത്വവും ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധിയും ഇസ്രയേലിന്റെ ഭാവി രാഷ്ട്രീയ ഗതിയെ നിർണായകമായി ബാധിച്ചേക്കാം.














