
ഗാസ: ഹമാസുമായുള്ള പോരാട്ടത്തിനിടയില്‍ ഗാസ പിടിച്ചെടുക്കാനുള്ള തന്റെ നീക്കത്തെക്കുറിച്ച് അടുത്തിടെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞിരുന്നു. എന്നാല്‍ ഇത് ‘അട്ടിമറി’ ആണെന്നാണ് ഹമാസ് വിശേഷിപ്പിക്കുന്നത്. തടവുകാരെ മോചിപ്പിക്കാനും തന്റെ വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ നടപ്പാക്കാനുമാണ് നെതന്യാഹു ശ്രമിക്കുന്നതെന്നും ഹമാസ് നേതൃത്വം കുറ്റപ്പെടുത്തി.
”വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ക്കിടെ ഗാസ മുനമ്പിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുത്തതിനെക്കുറിച്ചുള്ള നെതന്യാഹുവിന്റെ പ്രസ്താവനയെ ‘അട്ടിമറി’ നീക്കമായാണ് കാണുന്നത്. തടവുകാരെ മോചിപ്പിക്കാനും തന്റെ വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ നടപ്പാക്കാനാണ് നെതന്യാഹു ശ്രമിക്കുന്നത്.” ഹമാസ് നേതൃത്വം പ്രസ്താവനയിലൂടെ പറഞ്ഞു.
ഗാസ പിടിച്ചെടുത്ത് അറബ് സേനകള്‍ക്ക് കൈമാറുമെന്നാണ് നെതന്യാഹു കഴിഞ്ഞ ദിവസം പറഞ്ഞത്. ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഗാസ ഏറ്റെടുക്കുമെന്നും ഹമാസിനെ അവിടെനിന്നു നീക്കം ചെയ്യാനും, ജനങ്ങളെ ഗാസയില്‍നിന്നു സ്വതന്ത്രരാക്കാനും തങ്ങള്‍ ഉദ്ദേശിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം, യുദ്ധാനന്തരം ഗാസ അമേരിക്ക ഏറ്റെടുക്കുമെന്നാണ് മുമ്പ് പ്രസിഡന്റ് ട്രംപ് പറഞ്ഞിരുന്നത്. എന്നാല്‍ നെതന്യാഹുവിന്റെ പുതിയ ഏറ്റെടുക്കല്‍ തീരുമാനത്തോട് ട്രംപ് യോജിക്കുകയോ വിയോജിക്കുകയോ ചെയ്തിട്ടില്ല. ഇതേക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇപ്പോള്‍ ഗാസയില്‍ ഭക്ഷണവും സഹായവും എത്തിക്കുന്നതിലാണ് ശ്രദ്ധ എന്നായിരുന്നു ട്രംപിന്റെ മറുപടി.