
ടെൽ അവീവ്: ഖത്തറിന്റെ തലസ്ഥാനമായ ദോഹയ്ക്ക് സമീപം നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഏറ്റെടുത്തു. ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ട് ഇസ്രയേൽ ഒറ്റയ്ക്ക് നടത്തിയ ഓപ്പറേഷനാണിതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. “ഇസ്രയേലാണ് ആക്രമണത്തിന് മുൻകൈ എടുത്തത്, നടപ്പിലാക്കിയത്, മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നു,” എന്ന് പ്രസ്താവനയിൽ പറയുന്നു. ദോഹയിലെ കത്താറയിൽ നടന്ന ഈ ആക്രമണത്തിൽ ഹമാസിന്റെ രാഷ്ട്രീയകാര്യ സമിതിയിലെ പ്രധാന നേതാവ് ഖലീൽ അൽ ഹയ്യ ഉൾപ്പെടെ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആക്രമണത്തിന് മുന്നോടിയായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അറിവോടെയും സമ്മതത്തോടെയുമാണ് ഇസ്രയേൽ പ്രവർത്തിച്ചതെന്ന് ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രണ്ട് ദിവസം മുമ്പ് ഹമാസിന് അവസാന മുന്നറിയിപ്പ് നൽകിയ ട്രംപ്, വെടിനിർത്തൽ ധാരണകൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ട്രൂത്ത് സോഷ്യൽ എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ “ഇത് അവസാന മുന്നറിയിപ്പാണ്, ഇനി മറ്റൊരെണ്ണം ഉണ്ടാകില്ല,” എന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. ഗാസയിലെ വെടിനിർത്തൽ ചർച്ചകൾക്കായി ഖത്തറിലെത്തിയ ഹമാസ് നേതാക്കളെയാണ് ഇസ്രയേൽ ലക്ഷ്യമിട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇസ്രയേൽ ഡിഫൻസ് ഫോഴ്സ് (ഐഡിഎഫ്) ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ദോഹയിലെ ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും സാധാരണ പൗരന്മാർക്ക് പരിക്കേൽക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിരുന്നുവെന്നും ഐഡിഎഫ് അവകാശപ്പെടുന്നു.