
ടെൽ അവീവ്: ഇറാൻ തങ്ങളുടെ ബാലിസ്റ്റിക് മിസൈൽ പദ്ധതി വിപുലീകരിക്കുന്നതായുള്ള ആശങ്കയെ തുടർന്ന് ഇസ്രയേൽ വീണ്ടും സൈനിക നീക്കങ്ങൾ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഇക്കാര്യം ധരിപ്പിക്കാനും പുതിയ ആക്രമണത്തിനുള്ള പദ്ധതി അവതരിപ്പിക്കാനുമാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തയ്യാറെടുക്കുന്നതെന്ന് എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. ഈ മാസം അവസാനം ഫ്ലോറിഡയിലെ മാർ-എ-ലാഗോയിൽ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയിലാകും ഇത് ചർച്ച ചെയ്യുക.
ഈ വർഷം ആദ്യം ഇസ്രയേലും ഇറാനും തമ്മിൽ നടന്ന ഏകദേശം രണ്ടാഴ്ച നീണ്ട യുദ്ധത്തിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ ഇറാൻ മിസൈൽ ഉത്പാദനം വർധിപ്പിക്കുകയും വ്യോമ പ്രതിരോധ സംവിധാനങ്ങൾ നന്നാക്കുകയും ചെയ്യുന്നതായി ഇസ്രയേൽ ഉദ്യോഗസ്ഥർ ആശങ്കപ്പെടുന്നു. ഈ ഭീഷണി ഇസ്രയേലിന് മാത്രമല്ല, മേഖലയിലെ യുഎസ് താൽപ്പര്യങ്ങൾക്കും അപകടമാണെന്ന് നെതന്യാഹു വാദിക്കുമെന്നാണ് സൂചന.
കൂടിക്കാഴ്ചയുടെ ഔദ്യോഗിക അജണ്ട ഗാസയിലെ സമാധാന ചർച്ചകളാണെങ്കിലും ഇറാൻ വിഷയം പ്രധാനമാകുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ‘അദ്ദേഹം എന്നെ കാണാൻ ആഗ്രഹിക്കുന്നു, ഔദ്യോഗികമായി സമയം നിശ്ചയിച്ചിട്ടില്ല’ എന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. യുഎസ് പങ്കാളിത്തമുള്ള ആക്രമണ ഓപ്ഷനുകളും നെതന്യാഹു അവതരിപ്പിച്ചേക്കും.














