
ദോഹ: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറില്‍ കരയാക്രമണം നടത്താനായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആദ്യ നീക്കമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍, രഹസ്യാന്വേഷണ ഏജന്‍സി മൊസാദ് ഈ നീക്കത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തടഞ്ഞതോടെയാണ് വ്യോമാക്രമണം എന്ന തീരുമാനത്തിലേക്ക് നെതന്യാഹു എത്തിയതെന്നും വാഷിങ്ടന്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. പക്ഷേ, ആക്രമണത്തിലൂടെ ഹമാസിന്റെ ഉന്നത നേതാക്കളെ വധിക്കാമെന്ന ഇസ്രയേലിന്റെ കണക്കുകൂട്ടലുകള്‍ ആകെ തെറ്റിപ്പോകുകയായിരുന്നു എന്നും റിപ്പോര്‍ട്ടിലുണ്ട്.
കരയാക്രമണം നടത്തിയാല്‍ ഗാസയിലെ ഖത്തറും ഇന്റലിജന്‍സ് ഏജന്‍സിയും തമ്മിലുള്ള ബന്ധം തകരുമെന്നായിരുന്നു മൊസാദ് ഡയറക്ടര്‍ ഡേവിഡ് ബാര്‍ണിയ ചൂണ്ടിക്കാട്ടിയത്. ഇതോടെ ഇസ്രയേല്‍ 15 പോര്‍വിമാനങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആക്രമണത്തിന് 10 മിസൈലുകളാണ് പ്രയോഗിച്ചത്. ആക്രമണത്തില്‍ ഖത്തര്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ആറ് പേര്‍ കൊല്ലപ്പെട്ടു.
കൊല്ലപ്പെട്ടവരില്‍ ഹമാസ് നേതൃത്വനിരയിലെ ആരും ഉണ്ടായിരുന്നില്ല എന്നത് ഇസ്രയേലിന് കനത്ത തിരിച്ചടിയായിരുന്നു. ഹമാസ് പ്രതിനിധി സംഘത്തിന്റെ ബന്ധുക്കളും സഹായികളുമാണ് കൊല്ലപ്പെട്ടത്. മാത്രമല്ല, യുഎസ് അടക്കം തള്ളിപ്പറഞ്ഞതോടെ ലോകത്തിനു മുന്നില്‍ ഇസ്രയേല്‍ തീര്‍ത്തും ഒറ്റപ്പെട്ടുപോകുകയും ചെയ്തു.















