ഹോളിവുഡിലെ വിഖ്യാത സ്റ്റുഡിയോ വാര്‍ണര്‍ ബ്രദേഴ്സിനെ (വാര്‍ണര്‍ ബ്രദേഴ്സ് ഡിസ്കവറി) ഏറ്റെടുക്കാന നെറ്റ്ഫ്ലിക്സ്. വാര്‍ണര്‍ ബ്രദേഴ്സിന്‍റെ സിനിമ, ടെലിവിഷന്‍ സ്റ്റുഡിയോകളും എച്ച്ബിഒ, എച്ച്ബിഒ മാക്സ് എന്നീ ചാനലുകളുമടക്കം നെറ്റ്ഫ്ലിക്സ് ഏറ്റെടുക്കും. അടുത്ത വര്‍ഷം മധ്യത്തോടെ പൂര്‍ത്തിയാവുന്ന ഏറ്റെടുക്കലോടെ വാര്‍ണര്‍ ബ്രദേഴ്സിന്‍റെ പക്കലുള്ള ലോകപ്രശസ്ത സിനിമാ, സിരീസ് ടൈറ്റിലുകളൊക്കെയും നെറ്റ്ഫ്ലിക്സിലൂടെ ലഭ്യമാവും. പണവും ഓഹരിയും ചേര്‍ന്നതാണ് കരാര്‍ പ്രകാരമുള്ള കൈമാറ്റം. ഇതിന് 82.7 ബില്യണ്‍ ഡോളറിന്‍റെ (7.5 ലക്ഷം കോടി രൂപ) മൂല്യമുണ്ട്.
പുതിയ കരാര്‍ അനുസരിച്ച് വാര്‍ണര്‍ ബ്രദേഴ്സ് ഡിസ്കവറിയുടെ ഓഹരി ഉടമകള്‍ക്ക് ഓഹരി ഒന്നിന് 27.75 ഡോളര്‍ വീതമാണ് ലഭിക്കുക. വാര്‍ണര്‍ ബ്രദേഴ്സിന്‍റെ പക്കലുള്ള പ്രശസ്ത സിരീസുകളായ ദി ബിഗ് ബാങ് തിയറി, ദി സൊപ്രാനോസ്, ഗെയിം ഓഫ് ത്രോണ്‍സ്, ഒപ്പം ദി വിസാര്‍ഡ് ഓഫ് ഒസി പോലെയുള്ള സിനിമകളുമൊത്തെ നെറ്റ്ഫ്ലിക്സിലൂടെ കാണാനുള്ള അവസരമാണ് ഒരുങ്ങുന്നത്.
കാസാബ്ലാങ്കയും സിറ്റിസണ്‍ കെയ്നും നവകാല ഫേവറൈറ്റുകളായ ഹാരി പോട്ടറും ഫ്രണ്ട്സും അടങ്ങിയ വാര്‍ണര്‍ ബ്രദേഴ്സിന്‍റെ വമ്പന്‍ ലൈബ്രറി സ്ട്രേഞ്ചര്‍ തിംഗ്സും ഡെമോണ്‍ ഹണ്ടേഴ്സും സ്ക്വിഡ് ഗെയിമും അടക്കമുള്ള ഞങ്ങളുടെ ടൈറ്റിലുകളുമായി ചേരുമ്പോള്‍ ഞങ്ങള്‍ക്ക് അത് കൂടുതല്‍ മികവോടെ എത്തിക്കാൻ സാധിക്കുമെന്നും കമ്പനിയുടെ സര്‍ഗാത്മകമായ ആഗ്രഹങ്ങളെ ശക്തമാക്കുന്ന ഏറ്റെടുക്കലാണ് ഇതെന്നും നെറ്റ്ഫ്ലിക്സ് കോ-സിഇഒ ടെഡ് സരന്‍ഡോസ് പ്രതികരിച്ചു.
പ്രേക്ഷകര്‍ എന്താണോ ആഗ്രഹിക്കുന്നത് അത് കൂടുതല്‍ നല്‍കാനും അടുത്ത നൂറ്റാണ്ടിലെ കഥപറച്ചിലിനെ രൂപപ്പെടുത്താനും ഞങ്ങള്‍ ഒരുമിക്കുന്നതിലൂടെ സാധിക്കുമെന്നും ടെഡ് സരന്‍ഡോസ് പറഞ്ഞു. നെറ്റ്ഫ്ലിക്സ് ന്യൂജേഴ്‌സിയിൽ 350 മില്യൻ ഡോളർ ചെലവഴിച്ച് ഒരു പുതിയ സ്റ്റൂഡിയോ സമുച്ചയം നിർമ്മിക്കുന്നതും പുരോഗമിക്കുകയാണ്.
Netflix to acquire Hollywood’s famous studio Warner Bros.; Harry Potter, Friends, Stranger Things, etc. will now be on Netflix












