
ഇന്ത്യ-പാക് വെടിനിർത്തലിൽ സന്തോഷം പ്രകടിപ്പിച്ച് ലിയോ പതിനാലാമൻ മാർപാപ്പ. ലോകത്ത് സമാധാനം പുലരട്ടെ എന്നും സന്ദേശത്തിലൂടെ അറിയിച്ചു. വത്തിക്കാനിൽ വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു മാർപാപ്പ. ചർച്ചകളിലൂടെ ശാശ്വത പരിഹാരം ഉണ്ടാകട്ടെയെന്നും സന്ദേശത്തിൽ പറയുന്നു. അമേരിക്കയിൽ നിന്നുള്ള ആദ്യത്തെ മാർപാപ്പയായ റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് എന്ന ലിയോ പതിനാലാമൻ കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുക്കപ്പെട്ടത്. മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ ഞായറാഴ്ച പ്രസംഗത്തിലാണ് ഇന്ത്യ – പാക് വെടിനിർത്തലിൽ ലിയോ പതിനാലാമൻ സന്തോഷം പ്രകടിപ്പിച്ചത്.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നത് ഇന്നലെയാണ്. ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തലിനു തയ്യാറെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപാണ് അറിയിച്ചത്. യുഎസിന്റെ മധ്യസ്ഥതയിൽ രാത്രി മുഴുവൻ നീണ്ട ചർച്ചകൾക്ക് ശേഷമാണ് ഇരു രാജ്യങ്ങളും വെടിനിർത്തലിനു സമ്മതിച്ചതെന്നായിരുന്നു ട്രംപിൻ്റെ അറിയിപ്പിൽ പറഞ്ഞിരുന്നത്.