പന്നിക്കെണിയിൽ ഷോക്കേറ്റ് വിദ്യാർഥി മരിച്ചതിൽ ‘രാഷ്ട്രീയ ഗൂഢാലോചനാ’ വാദത്തില്‍ മലക്കം മറിഞ്ഞ് ശശീന്ദ്രന്‍, വാക്കുകൾ വളച്ചൊടിച്ചെന്ന് വിശദീകരണം

നിലമ്പൂരില്‍ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചതിൽ ‘രാഷ്ട്രീയ ഗൂഢാലോചന’ ഉണ്ടെന്ന പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനമുയർന്നതോടെ മലക്കം മറിഞ്ഞ് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. കുട്ടിയുടെ മരണത്തിന് ശേഷം നടന്ന പ്രതിഷേധങ്ങളില്‍ രാഷ്ട്രീയമുണ്ടെന്നാണ് ഉദ്ദേശിച്ചത് എന്നാണ് വനം മന്ത്രിയുടെ വിശദീകരണം. തൻ്റെ വാക്കുകൾ വളച്ചൊടിച്ചെന്നും ശശീന്ദ്രന്‍ അഭിപ്രായപ്പെട്ടു.

കുട്ടി ഷോക്കേറ്റ് മരിച്ച സംഭവം വീണുകിട്ടിയ അവസരമാണോ, അവസരം ഉണ്ടാക്കിയതാണോ എന്ന സംശയം ചിലർ ഉന്നയിക്കുന്നതായാണ് കഴിഞ്ഞ ദിവസം മന്ത്രി ചൂണ്ടിക്കാട്ടിയത്. ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട മന്ത്രി വനം വകുപ്പിന്റെ ഭാഗത്തു പിഴവുണ്ടെങ്കിൽ അതും പരിശോധിക്കുമെന്ന് അറിയിച്ചിരുന്നു. നിലമ്പൂരുക്കാർ അറിയുന്നതിന് മുൻപെ മലപ്പുറത്ത് പ്രകടനം നടന്നത് എങ്ങനെ? സംഭവത്തില്‍ രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നതിൽ തെറ്റില്ല. തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ നിലമ്പൂരിലെ ജനങ്ങളെ സർക്കാരിന് എതിരാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ‘ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ’ എന്ന് വരുത്തി തീർക്കാനാണ് ചിലർ ശ്രമിക്കുന്നത്. ഇതും സർക്കാരിനെതിരായ ക്യാംപയിനിന്റെ ഭാഗമാണെന്നായിരുന്നു മന്ത്രിയുടെ ഇന്നലത്തെ ആരോപണം.

അതേസമയം, നിലമ്പൂർ വഴിക്കടവിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് 15കാരൻ മരിച്ച സംഭവത്തിൽ കൂടുതൽ അന്വേഷണത്തിനൊരുങ്ങുകയാണ് ജില്ലാ ക്രൈം ബ്രാഞ്ച്. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നറിയാൻ റിമാൻഡിലുള്ള മുഖ്യപ്രതി വിനീഷിന്‍റെ ഫോണ്‍ രേഖകള്‍ ശേഖരിക്കും. വൈദ്യുതി വകുപ്പിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും. നിലമ്പൂർ അപകടം ഉപതെരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണ ആയുധമാക്കുകയാണ് മുന്നണികൾ.

Also Read

More Stories from this section

family-dental
witywide