
തൃശ്ശൂർ: പുതുക്കാട് രണ്ട് നവജാത ശിശുക്കളെ യുവതി കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിൽ കുഴികൾ തുറന്നുള്ള പരിശോധന പൂർത്തിയായി. കുഴിയിൽ നിന്ന് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഒരടി താഴ്ചയിലെടുത്ത കുഴിയിലായി ചെറിയ എല്ലിൻ കഷണങ്ങളാണ് കണ്ടെത്തിയത്. കൊലപാതകം നടന്ന് എട്ട് മാസങ്ങൾക്ക് ശേഷമാണ് കുഴികൾ തുറന്ന് ഒരു കുട്ടിയുടെ അസ്ഥി എടുക്കുന്നത്. മണ്ണിന്റെ അവശിഷ്ടങ്ങളും ഫോറൻസിക് സംഘം ശേഖരിച്ചിട്ടുണ്ട്. അനീഷ പറഞ്ഞ സ്ഥലത്തുനിന്നാണ് അവശിഷ്ടങ്ങൾ കിട്ടിയത്. കുഞ്ഞിനെ കുഴിച്ചുമൂടിയ കുഴി അത് തന്നെയാണെന്നാണ് പൊലീസ് പറയുന്നത്.
പിന്നാലെ ഭവിന്‍റെ വീടിന്‍റെ പരിസരത്തുനിന്ന് അടുത്ത കുട്ടിയുടെ അവശിഷ്ടങ്ങളും കിട്ടി. ഒന്നാം പ്രതി അനീഷ ആദ്യ കുഞ്ഞിനെ കുഴിച്ചിട്ട അനീഷയുടെ വീടിന്റെ പരിസരം, രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചിട്ട രണ്ടാം പ്രതി ഭവിന്‍റെ വീടിന്റെ പരിസരം എന്നിവിടങ്ങളിലാണ് ഫോറൻസിക് സംഘത്തിന്റെ നേതൃത്വത്തിൽ പരിശോധിച്ചത്. ഇളക്കിയ മണ്ണും, അസ്ഥികളുമടക്കം കിട്ടിയ അവശേഷിപ്പുകൾ ഫോറൻസിക് സംഘം കവറിൽ ശേഖരിച്ചു.
പുതുക്കാട് രണ്ട് നവജാത ശിശുക്കളെയും അമ്മ കൊലപ്പെടുത്തിയതെന്നാണ് എഫ്ഐആർ. 2021 നവംബർ ആറിനാണ് അനീഷ ആദ്യ കുഞ്ഞിനെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നത്. 2024 ഓഗസ്റ്റ് 29 ന് ചേട്ടന്‍റെ മുറിയിൽ വച്ച് രണ്ടാമത്തെ കുഞ്ഞിനെയും അനീഷ കൊന്നു എന്നാണ് എഫ്ഐആറിലുള്ളത്. രണ്ടാമത്തെ കുഞ്ഞിനെ കൊന്ന ശേഷം മുണ്ടിൽ പൊതിഞ്ഞ് ശുചിമുറിയിൽ വെച്ചു. ഓഗസ്റ്റ് 30 ന് മൃതദേഹം സഞ്ചിയിലിട്ട് ഭവിന്‍റെ അമ്മയുടെ വീട്ടിലെത്തി പറമ്പിൽ കുഴിച്ചിട്ടു.
രണ്ടാമത്തെ കുഞ്ഞിന്‍റെ കുഴി നാല് മാസങ്ങൾക്ക് ശേഷം കുഴി തുറന്ന് അസ്ഥിയെടുത്തു. ആദ്യത്തെ കുഞ്ഞിന്‍റെ അസ്ഥി എടുത്തത് 8 മാസത്തിന് ശേഷമാണെന്നും എഫ്ഐആറില്‍ പറയുന്നു. വിവാഹേതര ബന്ധത്തിലുണ്ടായ രണ്ട് നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്നും അതിന്‍റെ അവശിഷ്ഠങ്ങള്‍ തന്‍റെ കൈവശമുണ്ടെന്നും പറഞ്ഞ് പൊതിക്കെട്ടുമായി തൃശ്ശൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് ഭവി എന്ന യുവാവ് എത്തിയതോടെയാണ് നാടിനെ നടുക്കിയ ക്രൂരത പുറത്ത് വന്നത്.