
ന്യൂഡല്‍ഹി : ആഫ്രിക്കയിലെ കോംഗോയില്‍ (ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ) എബോള പടരുന്നതായി റിപ്പോര്‍ട്ട്. കസായ് പ്രവിശ്യയിലാണ് പുതുതായി എബോള പടരുന്നത്. ഓഗസ്റ്റ് 20-ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 34 വയസ്സുള്ള ഒരു ഗര്‍ഭിണിയായ സ്ത്രീ അഞ്ച് ദിവസത്തിന് ശേഷം മരിച്ചു. അവരെ ചികിത്സിച്ച രണ്ട് ആരോഗ്യ പ്രവര്‍ത്തകരും രോഗബാധിതരായി മരിച്ചു. ഇതോടെ നടത്തിയ പരിശോധനയിലാണ് എബോള ബാധി സ്ഥിരീകരിച്ചത്. നിലവില്‍, 81 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 28 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
എന്താണ് എബോള?
ഓര്‍ത്തോബോളവൈറസുകള്‍ മൂലമുണ്ടാകുന്ന രോഗമാണ് എബോള. ഫിലോവൈറസ് കുടുംബത്തില്‍ പെടുന്ന ഒരു വൈറല്‍ രോഗമാണിത്. 1976-ലാണ് ഇത് ആദ്യമായി തിരിച്ചറിഞ്ഞത്. ഇത് മനുഷ്യരിലും മൃഗങ്ങളിലും (കുരങ്ങുകള്‍, ഗൊറില്ലകള്‍, ചിമ്പാന്‍സികള്‍) ഉണ്ടാകാം. പനി, പേശിവേദന, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ഇത് ആരംഭിക്കുന്നത്. രോഗം മൂര്‍ച്ഛിക്കുമ്പോള്‍ ആന്തരികവും ബാഹ്യവുമായ രക്തസ്രാവം ഉണ്ടാകാനും അവയവങ്ങള്‍ തകരാറിലാകാനും സാധ്യതയുണ്ട്.