‘ഇന്ത്യ-യുകെ ബന്ധത്തിൽ പുതിയ ഊർജ്ജം’; സ്റ്റാർമറുമായി കൂടിക്കാഴ്ച നടത്തി മോദി

ന്യൂഡൽഹി : ഇന്ത്യയിലെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി ഉന്നതതല ചർച്ചകൾ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-യുകെ ബന്ധത്തിൽ ഒരു “പുതിയ ഊർജ്ജം” ഉണ്ടെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വ്യാഴാഴ്ച പ്രധാനമന്ത്രി മോദി പ്രതികരിച്ചത്.

മുംബൈയിൽവെച്ചാണ് ഇരുവരും ഉഭയകക്ഷി ചർച്ചകൾ നടത്തിയത്. യുകെ പ്രധാനമന്ത്രിയായശേഷം ഇന്ത്യയിൽ തൻെറ ആദ്യ സന്ദർശനത്തിനെത്തിയതാണ് സ്റ്റാർമർ. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം, സാങ്കേതിക സഹകരണം, തന്ത്രപരമായ ബന്ധങ്ങൾ എന്നിവ ശക്തിപ്പെടുത്തുന്നതിൽ കേന്ദ്രീകരിച്ചാണ് ചർച്ചകൾ പുരോഗമിച്ചത്.

“പ്രധാനമന്ത്രി സ്റ്റാർമറുടെ നേതൃത്വത്തിൽ ഇന്ത്യയും യുകെയും തമ്മിലുള്ള ബന്ധത്തിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ഈ വർഷം ജൂലൈയിൽ, എന്റെ യുകെ സന്ദർശന വേളയിൽ, ചരിത്രപരമായ സമഗ്ര സാമ്പത്തിക, വ്യാപാര കരാറിൽ (സിഇടിഎ) ഞങ്ങൾ ഒപ്പുവച്ചു,” സ്റ്റാർമറുമായുള്ള സംയുക്ത പ്രസ്താവനയിൽ പ്രധാനമന്ത്രി മോദി അറിയിച്ചു.

അതേസമയം, ഈ വർഷം ജൂലൈയിൽ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറിനെ (FTA) “വളരെ പ്രധാനപ്പെട്ടത്” എന്നാണ് സ്റ്റാർമർ വിശേഷിപ്പിച്ചത്. “യൂറോപ്യൻ യൂണിയൻ വിട്ടതിനുശേഷം ഞങ്ങൾ ഒപ്പുവച്ച ഏറ്റവും വലിയ കരാറാണിത്. ഇന്ത്യ ഇതുവരെ ഒപ്പുവച്ചതിൽ വച്ച് ഏറ്റവും വലിയ കരാർ കൂടിയാണിത്, അതിനാൽ ഇത് വളരെ പ്രധാനമാണ്” എന്ന് അദ്ദേഹം നേരത്തെ പറഞ്ഞിരുന്നു.

More Stories from this section

family-dental
witywide