സംസ്ഥാനത്തെ കോർപ്പറേഷനുകളിലും നഗരസഭകളിലും പുതിയ മേയർമാരും ചെയർപേഴ്സൺമാരും ചുമതലയേറ്റു. മേയർ തെരഞ്ഞെടുപ്പില്‍ കണ്ണൂർ, കൊച്ചി, തൃശ്ശൂർ, കൊല്ലം കോർപ്പറേഷനുകളിൽ യുഡിഎഫ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. അതേസമയം, തിരുവനന്തപുരത്ത് ആദ്യമായി ബിജെപി മേയർ അധികാരത്തിലെത്തി. കോഴിക്കോട് മാത്രമാണ് എൽഡിഎഫ് മേയര്‍ വിജയിച്ചത്.
ചരിത്രത്തിലാദ്യമായി സംസ്ഥാനത്ത് കോർപ്പറേഷനിൽ ആദ്യമായി ബിജെപി ഭരണത്തിലേറുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപി സ്ഥാനാർത്ഥിയായി വിജയിച്ച വി വി രാജേഷിനെ മേയറായി തെരഞ്ഞെടുത്തു. 51 വോട്ടുകള്‍ നേടിയാണ് വി വി രാജേഷ് വിജയിച്ചത്. 50 ബിജെപി അംഗങ്ങളുടെയും ഒരു സ്വതന്ത്രന്‍റെയും വോട്ടുകളാണ് വി വി രാജേഷിന് ലഭിച്ചത്. എന്‍ഡിഎ-50, എല്‍ഡിഎഫ്-29,യുഡിഎഫ്-19, മറ്റുള്ളവര്‍-2 എന്നിങ്ങനെയാണ് കോര്‍പ്പറേഷനിലെ കക്ഷിനില.
കൊല്ലം കോർപ്പറേഷനിൽ മേയറായി എ കെ ഹഫീസിനെ തെരഞ്ഞെടുത്തു. കോർപ്പറേഷനിലെ ആദ്യ യുഡിഎഫ് മേയറാണ് എ കെ ഹഫീസ്. കൊച്ചിയില്‍ കോണ്‍ഗ്രസിന്റെ വി കെ മിനിമോളാണ് പുതിയ മേയര്‍. 76 അംഗ കൗൺസിലില്‍ സ്വതന്ത്രന്‍റെ വോട്ട് ഉൾപ്പെടെ 48 വോട്ട് നേടിയാണ് മിനിമോൾ മേയര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്.
തൃശൂര്‍ മേയറായി 35 വോട്ട് നേടിയാണ് നിജി ജസ്റ്റിൻ തെരഞ്ഞെടുക്കപ്പെട്ടത്. മേയര്‍ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പ്രതിഷേധം ഉന്നയിച്ച ലാലി ജയിംസിന്റെ വോട്ടും കോൺഗ്രസിന് തന്നെയാണ് ലഭിച്ചത്. കോഴിക്കോട് കോര്‍പ്പറേഷൻ മേയറായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഓ സദാശിവൻ തെരഞ്ഞെടുക്കപ്പെട്ടു. 33 വോട്ടുകളാണ് ഓ സദാശിവന് ലഭിച്ചത്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറായി 36 വോട്ട് നേടി കോണ്‍ഗ്രസിലെ അഡ്വ. ടി. ഇന്ദിരയെ തെരഞ്ഞെടുക്കപ്പെട്ടു.
ഏറെ ചർച്ചകൾക്ക് വഴി തെളിച്ച പാലാ നഗരസഭയിൽ 21 കാരിയായ ദിയ ബിനു പുളിക്കകണ്ടം ചെയർപേഴ്സണായി വിജയിച്ചു. 14 വോട്ടുകൾ നേടിയാണ് ദിയ ജയിച്ചത്. സംസ്ഥാനത്തെ മറ്റു നഗരസഭകളിലും അധ്യക്ഷന്മാർ ചുമതലയേറ്റു. ഡെപ്യൂട്ടി മേയർ, വൈസ് ചെയർപേഴ്സൺ തെരഞ്ഞെടുപ്പുകൾ ഇന്ന് ഉച്ചയ്ക്ക് ശേഷം രണ്ടര മണിക്ക് നടക്കും. പഞ്ചായത്തുകളിൽ അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെ നടക്കും.
New Mayor and chairman’s taking charge in Corporations and Municipal Corporations of the State; About History Thiruvananthapuram Kollam Corporations














