ലോകത്തിലെ ഏറ്റവും തിരക്കേറിയ വ്യോമപാതകളിലൊന്നായ ഇന്ത്യയും യുഎഇയും തമ്മിലുള്ള വിമാനയാത്രാ മേഖലയിലേക്ക് പുതിയ പ്രതീക്ഷകൾ. ഈ റൂട്ടിൽ പുതിയ എയർലൈൻസുകളും അധിക സർവീസുകളും എത്തുന്നു. ഇതുവഴി യാത്ര കൂടുതൽ എളുപ്പവും ചെലവുകുറഞ്ഞതുമായിരിക്കുമെന്ന് വിലയിരുത്തൽ. യുഎഇയിൽ താമസിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ പ്രവാസികൾക്കൊപ്പം വിനോദസഞ്ചാരികളും വിദ്യാർത്ഥികളും ബിസിനസ് യാത്രക്കാരും ആശ്രയിക്കുന്ന ഈ പാതയിൽ ശക്തമായ നിരക്കുമാറ്റമാകും ഉണ്ടാകുക.
ഈ മേഖലയിൽ സമീപകാല സർക്കാർ അനുമതികളും റൂട്ടുകളുടെ വിപുലീകരണവും സൂചിപ്പിക്കുന്നത് കൂടുതൽ വിമാനങ്ങൾ, കൂടുതൽ നഗരങ്ങൾ, ബജറ്റ് വിമാനങ്ങളും ഫുൾ സർവീസ് കമ്പനികളും തമ്മിലുള്ള കടുത്ത മത്സരം തുടങ്ങിയവയാണ്. യുഎഇ – ഇന്ത്യ യാത്രാ സൗകര്യത്തിന് ആവശ്യക്കാരേറിയതോടെ അൽ ഹിന്ദ് എയർലൈനും ഫ്ലൈഎക്സ്പ്രസ് ഉം 2026ൽ സർവീസ് ആരംഭിക്കാൻ സർക്കാർ അനുമതി (NOC) നേടി. രണ്ടും എയർലൈനും ടിക്കറ്റ് നിരക്ക് കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നതെങ്കിലും യാത്രക്കാരെ സമീപിക്കുന്ന രീതി വ്യത്യസ്തമാണ്.
കേരളത്തിൽ ആസ്ഥാനമായ അൽഹിന്ദ് ഗ്രൂപ്പിന്റെ പിന്തുണയോടെ ആരംഭിക്കുന്ന അൽ ഹിന്ദ് എയർ, യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന ഒന്നാണ്. കൊച്ചിയെ കേന്ദ്രമാക്കി ആദ്യം ദക്ഷിണേന്ത്യയിലെ ആഭ്യന്തര സർവീസുകൾ ആരംഭിക്കും. തുടർന്ന് 2026ന്റെ രണ്ടാം പകുതിയിൽ എയർബസ് A320neo വിമാനങ്ങൾ ഉപയോഗിച്ച് ദുബൈ, ഷാർജ, അബുദാബി എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള സർവീസുകൾ തുടങ്ങും. വിസ, ഇൻഷുറൻസ്, തൊഴിൽ റിക്രൂട്ട്മെന്റ് തുടങ്ങിയ മേഖലകളിൽ അനുഭവസമ്പത്തുള്ള ഗ്രൂപ്പായതിനാൽ, വിമാനടിക്കറ്റ് ഉൾപ്പെടെയുള്ള ‘ഓൾ–ഇൻ–വൺ’ യാത്രാ പാക്കേജുകൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കാനാണ് പദ്ധതി.
ഹൈദരാബാദ് ആസ്ഥാനമായ ഫ്ലൈഎക്സ്പ്രസ്, മധ്യ–പടിഞ്ഞാറൻ ഇന്ത്യയിലെ ചെറുനഗരങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര വിമാനത്താവളം ഇല്ലാത്ത നഗരങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് നേരിട്ടുള്ള സർവീസുകൾ വഴി സമയം ലാഭിക്കാനാകും. യാത്രക്കാരോടൊപ്പം ചരക്കുകളും കൊണ്ടുപോകുന്ന ‘കോംബി’ മോഡൽ ഉപയോഗിച്ച് ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ടയർ–2, ടയർ–3 നഗരങ്ങളെ യുഎഇയുമായി ബന്ധിപ്പിക്കുന്നതാണ് പ്രധാന പദ്ധതി.
അതേ സമയം, മുംബൈ പ്രധാന വിമാനത്താവളത്തിലെ കടുത്ത തിരക്കിന് പകരമായി നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളം (NMIA) പൂർണമായി പ്രവർത്തനം ആരംഭിച്ചതോടെ ആകാശ എയർ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ എയർലൈൻസുകൾ യുഎഇ സർവീസുകളുടെ ഒരു ഭാഗം ഇവിടെ നിന്ന് നടത്തുകയാണ്. പൂണെയിലേക്കും ന്യൂ മുംബൈയിലെ വളരുന്ന ബിസിനസ് മേഖലകളിലേക്കും പോകുന്നവർക്ക് NMIA കൂടുതൽ സൗകര്യപ്രദമാണ്. പുതിയ വിമാനത്താവളമായതിനാൽ, യാത്രക്കാരെ ആകർഷിക്കാൻ ലോഞ്ച് ഫെയർ ഓഫറുകളും ലഭ്യമാണ്.
100 വിമാനങ്ങൾ എന്ന വലിയ നേട്ടത്തിലെത്തിയ എയർ ഇന്ത്യ എക്സ്പ്രസ്, അബുദാബിയിൽ നിന്ന് പൂണെയിലേക്കും ഡൽഹിയിലേക്കും നോൺ–സ്റ്റോപ്പ് സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. ആകാശ എയർ, ഷാർജയിൽ നിന്ന് വടക്കൻ യുഎഇ മേഖലയിലേക്കുള്ള സർവീസുകളും വ്യാപിപ്പിക്കുന്നു. നേരിട്ടുള്ള സർവീസുകൾ യാത്രാസമയം കുറയ്ക്കുകയും ആളുകൾ തമ്മിലുള്ള ബന്ധം കൂടുതൽ സുഗമമാക്കുകയും ചെയ്യുന്നു.
2026 തുടക്കത്തിലെ കണക്കുകൾ പ്രകാരം, ദുബൈയിൽ നിന്ന് ഡൽഹിയിലേക്കോ മുംബൈയിലേക്കോ മുൻകൂട്ടി ബുക്ക് ചെയ്താൽ ഒരുവഴി യാത്രയ്ക്ക് AED 350 മുതൽ 450 വരെ ടിക്കറ്റ് ലഭ്യമാണ്. കൂടാതെ ഇളവുകളും ലഭിക്കും. യുഎഇ ബാങ്കുകളുടെ ഓഫറുകൾ വഴി 10–15% വരെ ഇൻസ്റ്റന്റ് ഡിസ്കൗണ്ട്, എയർ ഇന്ത്യ എക്സ്പ്രസ്, ആകാശ ആപ്പുകളിലെ പ്രത്യേക കോഡുകൾ വഴി അധിക ഇളവ്, നവി മുംബൈ വിമാനത്താവളം തിരഞ്ഞെടുക്കുമ്പോൾ കുറഞ്ഞ ലോഞ്ച് ഫെയറുകൾ തുടങ്ങിയ ഇളവുകളാണ് ലഭിക്കുക.ഇന്ത്യ–യുഎഇ വ്യോമപാതയിൽ കൂടുതൽ തെരഞ്ഞെടുക്കാനുള്ള സൗകര്യവും മികച്ച കണക്ഷനുകളും വരുന്നതിനാൽ ഇനി പുതിയ റൂട്ടുകൾ ശ്രദ്ധിക്കുക, മുൻകൂട്ടി ബുക്ക് ചെയ്യുക, വിമാനത്താവളങ്ങളിലും യാത്രാ തീയതികളിലും ഇളവ് നോക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വരുംകാലത്ത് കുറഞ്ഞ നിരക്കിൽ ആകാശയാത്ര സാധ്യമാകും.
New routes for India-UAE travel; New airlines coming on route, ticket prices likely to drop in 2026














