
മുംബൈ: നടന്‍ സെയ്ഫ് അലി ഖാനെ കുത്തിപ്പരുക്കേല്‍പ്പിച്ചയാളുടെ പുതിയ ദൃശ്യങ്ങള്‍ പുറത്ത്. സംഭവം നടന്ന് ഏകദേശം ആറ് മണിക്കൂറിന് ശേഷം, രാവിലെ 9 മണിയോടെ ദാദറിലെ ഒരു കടയില്‍ നിന്ന് പ്രതിയെന്ന് സംശയിക്കുന്നയാള്‍ ഒരു ഹെഡ്ഫോണ്‍ വാങ്ങുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. ബാന്ദ്രയിലെ 12 നില കെട്ടിടമായ ‘സത്ഗുരു ശരണില്‍’ സെയ്ഫ് ആക്രമിക്കപ്പെട്ടതിന് ശേഷം പുറത്തുവന്ന നാലാമത്തെ ദൃശ്യമാണിത്.
അതേസമയം, സെയ്ഫിനെ ആക്രമിച്ച് കടന്നുകളഞ്ഞ പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമം മൂന്നാം ദിവസത്തിലേക്ക് കടന്നു. ചില തുമ്പുകള്‍ ലഭിച്ചെന്നല്ലാതെ പ്രതി എവിടെയെന്നോ, ഒളിവില്‍ കഴിയുകയാണ് മറ്റെവിടേക്കെങ്കിലും കടന്നോ എന്നതൊന്നും ഇനിയും പൊലീസിന് കണ്ടെത്താനായിട്ടില്ല.
അതേസമയം നടനെ ആക്രമിച്ചയാളെക്കുറിച്ച് പൊലീസിന് നിരവധി സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രതിയെ ഉടന്‍ തന്നെ കണ്ടെത്തുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഇന്നലെ പറഞ്ഞിരുന്നു. പ്രതിയുമായി മുഖസാദൃശ്യമുള്ള ഒരാളെ ഇന്നലെ കസ്റ്റഡിയിലെടുത്തു, അക്രമി പിടിയിലായെന്ന് ഇതോടെ പലരും വിശ്വസിച്ചു. എന്നാല്‍ സെയ്ഫ് അലി ഖാന്‍ കേസുമായി ഇയാള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് പൊലീസ് തന്നെ പിന്നീട് പറഞ്ഞു. എന്നാല്‍ ഇയാള്‍ നല്‍കിയ മൊഴിയിലെ വ്യത്യാസം കണ്ടെത്തിയ പൊലീസ് ഇയാളെ വീണ്ടും ഇന്ന് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.
പ്രതിക്കായി 30 പൊലീസ് സംഘമാണ് തിരച്ചില്‍ നടത്തുന്നത്. രാത്രിയില്‍ പ്രദേശത്ത് ചുറ്റിത്തിരിയുന്നവരെയും പൊലീസ് രേഖകളിലുള്ളവരെയും ചോദ്യം ചെയ്യുന്നുണ്ട്. ഇന്നലെ ചോദ്യം ചെയ്യുന്നതിനായി കുറഞ്ഞത് 15 പേരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.