ന്യൂയോർക്ക് സിറ്റി ഹാളിലേക്കുള്ള ട്രെയിൻ വന്നു നിൽക്കുമ്പോൾ അനൗൺസ്മെന്റ് മുഴങ്ങുന്നു. “അടുത്തതും അവസാനവുമായ സ്റ്റോപ്പ് സിറ്റി ഹാൾ” ഈ വീഡിയോയാണ് ന്യൂയോർക്ക് മേയർ തെരഞ്ഞെടുപ്പിൽ വൻവിജയം നേടിയ ശേഷം സോഹ്‌റാൻ മംദാനിയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ്. മംദാനി പോസ്റ്റ് ചെയ്ത വീഡിയോയിൽ Zohran For New York City എന്ന ബാനർ ടെക്സ്റ്റും പ്രത്യക്ഷപ്പെടുന്നുണ്ട്. വീഡിയോയുടെ പശ്ചാത്തലം സിറ്റി ഹാൾ മെട്രോ സ്റ്റേഷനാണ്. മേയറുടെ ഓഫീസ് സ്ഥിതി ചെയ്യുന്നത് സിറ്റി ഹാളിലാണ്.
തെരഞ്ഞെടുപ്പിൽ ഇന്ത്യൻ-ഉഗാണ്ടൻ വംശജനായ 34-കാരനായ ഡെമോക്രാറ്റ് നേതാവ് മംദാനി വിജയിച്ചതോടെ ന്യൂയോർക്ക് നഗരത്തിലെ ആദ്യ മുസ്ലിം മേയറായി ചരിത്രം കുറിച്ചിരിക്കുകയാണ്. അതോടൊപ്പം ആഫ്രിക്കയിൽ ജനിച്ചും ദക്ഷിണേഷ്യൻ പാരമ്പര്യമുള്ളതുമായ ആദ്യ മേയർ എന്ന നിലയിലും അദ്ദേഹത്തിന്റെ പേര് രേഖപ്പെടും. ജനുവരി 1ന് അദ്ദേഹം ഔദ്യോഗികമായി ചുമതലയേൽക്കും. അതോടെ കഴിഞ്ഞ നൂറ് വർഷത്തിനിടയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാകും മംദാനി. മുൻ ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കുവോമോ (സ്വതന്ത്രൻ)യും റിപ്പബ്ലിക്കൻ നേതാവ് കർട്ടിസ് സ്ലിവയും തോൽപ്പിച്ചാണ് മംദാനി മേയറായിരിക്കുന്നത്. അമേരിക്കയിലുടനീളം നടന്ന പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റുകളാണ് മികച്ച നേട്ടം കൈവരിച്ചത്.
1991 ഒക്ടോബർ 18ന് ഉഗാണ്ടയിലെ കാമ്പാലയിൽ ജനിച്ച മംദാനി, പ്രശസ്ത ഇന്ത്യൻ സിനിമാ സംവിധായിക മീരാ നായരിന്റെയും ഉഗാണ്ടൻ പണ്ഡിതൻ മഹ്മൂദ് മംദാനിയുടെയും മകനാണ്. വിദ്യാർത്ഥി കാലഘട്ടത്തിൽ ന്യൂയോർക്കിലേക്ക് കുടിയേറിയ മംദാനി 2018 ലാണ് യുഎസ് പൗരത്വം നേടിയത്. 2017ൽ Democratic Socialists of Americaയിലേക്ക് ചേർന്ന അദ്ദേഹം, 2020ൽ ഡെമോക്രാറ്റിക് പ്രൈമറിയിൽ വിജയിച്ച് ന്യൂയോർക്കിലെ ക്വീൻസ് 36-ാം ജില്ലയെ സ്റ്റേറ്റ് അസംബ്ലിയിൽ പ്രതിനിധീകരിച്ചു. 2022, 2024 തെരഞ്ഞെടുപ്പുകളിൽ എതിരില്ലാതെ വീണ്ടും വിജയിച്ചു. സിറിയൻ-അമേരിക്കൻ ആർട്ടിസ്റ്റ് രമ ദുവാജിയാണ് സോഹ്‌റാൻ മംദാനിയുടെ ഭാര്യ.
New York’s new mayor: Zohran Mamdani’s first post goes viral















