”ഇന്ത്യക്കാരില്‍ നിന്നും കുടിയേറ്റ ഉപദേശം ആവശ്യപ്പെട്ട് നിരവധി മെയിലുകള്‍ വരുന്നു, ഞാന്‍ അവയ്ക്ക് ഒരിക്കലും മറുപടി നല്‍കാറില്ല”- വ്യാപക വിമര്‍ശനം നേരിട്ട് ന്യൂസിലന്‍ഡിലെ കുടിയേറ്റ വകുപ്പ് മന്ത്രി

ന്യൂഡല്‍ഹി : ഇന്ത്യക്കാര്‍ക്കെതിരായ പരാമര്‍ശത്തില്‍ വ്യാപക വിമര്‍ശനം നേരിട്ട് ന്യൂസിലന്‍ഡിലെ കുടിയേറ്റ വകുപ്പ് മന്ത്രി എറിക സ്റ്റാന്‍ഫോര്‍ഡ്. ഇന്ത്യയിലെ ആളുകളില്‍ നിന്ന് കുടിയേറ്റ ഉപദേശം ആവശ്യപ്പെട്ട് നിരവധി അനാവശ്യ ഇമെയിലുകള്‍ തനിക്ക് ലഭിക്കുന്നുവെന്നും എന്നാല്‍ അവയ്ക്ക് ഒരിക്കലും മറുപടി നല്‍കാറില്ലെന്നുമുള്ള എറിക സ്റ്റാന്‍ഫോര്‍ഡിന്റെ പരാമര്‍ശമാണ് വിമര്‍ശനത്തിനിടയാക്കിയത്.

കുടിയേറ്റം സംബന്ധിച്ച ഉപദേശം തേടിക്കൊണ്ട് ഇന്ത്യക്കാര്‍ അയയ്ക്കുന്ന ഇമെയിലുകള്‍ താന്‍ സ്പാം ആയാണ് കാണുന്നതെന്നും ഒന്നു പോലും തുറന്നു നോക്കാറില്ലെന്നും എറിക പറയുന്നു. പാര്‍ലമെന്റില്‍ ഒരു ചോദ്യത്തിനു മറുപടി പറയുമ്പോഴായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. ഔദ്യോഗിക കത്തിടപാടുകള്‍ തന്റെ സ്വകാര്യ ജിമെയില്‍ അക്കൗണ്ടിലേക്ക് കൈമാറിയെന്ന ആരോപണത്തെ എറിക്ക സ്റ്റാന്‍ഫോര്‍ഡ് വിമര്‍ശിച്ചപ്പോഴാണ് ഇന്ത്യക്കെതിരായ വിവാദ പരാമര്‍ശവും വന്നത്.

” എനിക്കും ധാരാളം അനാവശ്യ ഇമെയിലുകള്‍ ലഭിക്കുന്നു. ഉദാഹരണത്തിന്, ഇന്ത്യയിലെ ഇമിഗ്രേഷന്‍ ഉപദേശം തേടുന്ന വ്യക്തികളില്‍ നിന്നുള്ള ഇമെയിലുകള്‍ ഉണ്ട്. ഞാന്‍ അവയോട് ഒരിക്കലും പ്രതികരിക്കുന്നില്ല. അവ സ്പാമിന് സമാനമാണെന്ന് ഞാന്‍ കരുതുന്നു – അത്തരത്തിലുള്ള നിരവധി ഇമെയിലുകള്‍ ഉണ്ട്.”- മന്ത്രിയുടെ വാക്കുകള്‍.

എന്നാല്‍, ഈ സംഭവത്തില്‍ മന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ന്യൂസിലന്‍ഡിലെ ഇന്ത്യന്‍ വംശജയായ എംപി പ്രിയങ്ക രാധാകൃഷ്ണന്‍ രംഗത്തെത്തി. ഇന്ത്യക്കാരെക്കുറിച്ച് എറിക സ്റ്റാന്‍ഫോര്‍ഡ് നെഗറ്റീവ് വാര്‍പ്പുമാതൃകകള്‍ മുന്നോട്ടുവയ്ക്കുകയാണെന്ന് പ്രിയങ്ക രാധാകൃഷ്ണന്‍ എംപി പ്രതികരിച്ചു. അശ്രദ്ധമായ, മുന്‍വിധിയോടെയുള്ള പ്രതികരണമാണ് മന്ത്രി നടത്തിയത്. ഒരു പ്രദേശത്തു നിന്നുള്ള ആളുകളെ ഒറ്റപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നും എംപി പറഞ്ഞു.

More Stories from this section

family-dental
witywide