ന്യൂസിലൻഡ് 2050- ഓടെ രാജ്യത്തുടനീളമുള്ള കാട്ടുപൂച്ചകളെ (Feral Cats) ഉന്മൂലനംചെയ്യാൻ ഒരുങ്ങുന്നു. പക്ഷികൾ, വവ്വാലുകൾ, പല്ലികൾ, പ്രാണികൾ തുടങ്ങി മറ്റു ജീവജാലങ്ങൾക്ക് മനുഷ്യരുമായി ഇണങ്ങാത്ത പ്രകൃതക്കാരായ ഈ കാട്ടുപൂച്ചകൾ വലിയ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് രാജ്യത്തെ തദ്ദേശീയ വന്യജീവികളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പദ്ധതി ആവിഷ്കരിച്ചത്. ന്യൂസിലൻഡിലെ പ്രിഡേറ്റർ-ഫ്രീ 2050 പട്ടികയിൽ ഈ കാട്ടുപൂച്ചകളെയും ഉൾപ്പെടുത്തിയതായി മന്ത്രി തമ പൊട്ടക പ്രഖ്യാപിച്ചു
പക്ഷികൾ, വവ്വാലുകൾ, പല്ലികൾ, പ്രാണികൾ എന്നിവയ്ക്ക് ഭീഷണിയാകുന്ന അധിനിവേശ ജീവിവർഗങ്ങളെ ഇല്ലാതാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 2.5 ദശലക്ഷത്തിലധികം കാട്ടുപൂച്ചകൾ ന്യൂസിലാൻഡിന്റെ കുറ്റിക്കാടുകളിലും കടൽത്തീര ദ്വീപുകളിലും ഉണ്ടെന്നാണ് കണക്കുകൾ. ഇവയ്ക്ക് ഒരു മീറ്റർ വരെ നീളവും ഏഴ് കിലോഗ്രാം വരെ ഭാരവും ഉണ്ടാകും. വളർത്തുപൂച്ചകളിൽ നിന്ന് വ്യത്യസ്തമായി, വേട്ടയാടിയാണ് ഇവ ജീവിക്കുന്നത്. ന്യൂസിലൻഡിലെ സ്റ്റുവർട്ട് ദ്വീപിലെ റാക്കിയുറയിലെ പുക്കുനുയി (സതേൺ ഡോട്ടറൽ) പോലുള്ള തദ്ദേശീയ ഇനത്തിൽപ്പെട്ട പക്ഷികളെ ഈ കാട്ടുപൂച്ചകൾ കൊന്നുതിന്നുന്നത് പതിവായിരുന്നു. അവയാകട്ടെ ഇപ്പോൾ വംശനാശം നേരിടുകയാണ്. ഇത്തരത്തിലുള്ള വേട്ടയാടലുകൾ ജൈവവൈവിധ്യത്തിന് വെല്ലുവിളി ഉയർത്തിയ പശ്ചാത്തലത്തിലാണ് കാട്ടുപൂച്ചകളുടെ എണ്ണം നിയന്ത്രിക്കാൻ അധികൃതർ ലക്ഷ്യമിടുന്നത്.
New Zealand to eradicate feral cats; feral cats to be eradicated from entire country by 2050









