
മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ പത്തൊമ്പതുകാരിയും ഒന്നാം വർഷ ബിരുദ വിദ്യാർഥിയുമായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി വടക്കേകുളം ഷഹാന മുംതാസ് ആണ് മരിച്ചത്. നിറത്തിന്റെ പേരിൽ ഭർത്താവും ഭർതൃവീട്ടുകാരും നിരന്തരം അപമാനിച്ചിരുന്നതായി ഷഹാനുടെ വീട്ടുകാർ ആരോപിച്ചു. മാനസിക പീഡനം നേരിട്ടതിനെ തുടർന്നാണ് മരണമെന്നും അവർ പറഞ്ഞു. വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
കൊണ്ടോട്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു. കൊണ്ടോട്ടി ഗവ. കോളേജിലെ വിദ്യാർഥിയാണ് ഷഹാന. ഭർത്താവ് മൊറയൂർ സ്വദേശി അബ്‌ദുൽ വാഹിദിനും മാതാപിതാക്കൾക്കും എതിരെയാണ് പരാതി. കഴിഞ്ഞ വർഷം മേയ് 27നായിരുന്നു ഷഹാനയും വാഹിദും തമ്മിലുള്ള വിവാഹം. ഒരു മാസത്തിനുശേഷം വാഹിദ് ഗർഫിലേക്കു പോയി. ഫോണിലൂടെ നിറത്തിന്റെ പേരിൽ വാഹിദ് തുടർച്ചയായി ഷഹാനയെ അവഹേളിച്ചിരുന്നതായി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
മുംതാസിന് നിറം കുറവാണെന്ന് പറഞ്ഞായിരുന്നു കുറ്റപ്പെടുത്തൽ. നിറത്തിന്റെ പേരിൽ വിവാഹബന്ധം വേർപ്പെടുത്താൻ നിർബന്ധിച്ചു. ഇംഗ്ലിഷ് സംസാരിക്കാൻ അറിയില്ലെന്ന് പറഞ്ഞും അവഹേളിച്ചെന്ന് പരാതിയിൽ പറയുന്നു. ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെയാണ് കൊണ്ടോട്ടിയിലുള്ള വീട്ടിൽ ഷഹാനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)
Newly bride found dead in husbands home in Malappuram