
ബ്രസീലിയ: ഫുട്ബോൾ ഇതിഹാസം ലിയോണൽ മെസിക്ക് പിന്നാലെ ബ്രസിലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറും അമേരിക്കയിൽ പന്തുതട്ടാനെത്തുമോ? സൗദി ക്ലബിനോട് നെയ്മർ സലാം പറഞ്ഞ് പടിയിറങ്ങിയതോടെ സൂപ്പർ താരം എങ്ങോട്ടെക്ക് എന്ന ചർച്ചകളാണ് ഫുട്ബോൾ ലോകത്ത് സജീവമാകുന്നത്. നെയ്മാറുമായുള്ള കരാർ അവസാനിപ്പിച്ചെന്ന് അൽ ഹിലാൽ ക്ലബും അറിയിച്ചിട്ടുണ്ട്. മെസി കളിക്കുന്ന ഇന്റർ മിയാമിയിലേക്ക് നെയ്മറും എത്തിയാൽ ഗംഭീരമാകുമെന്നാണ് ആരാധകർ പറയുന്നത്. എന്നാൽ മെസിയും നെയ്മറും വീണ്ടും ഒന്നിച്ച് പന്തുതട്ടുമോ എന്നത് ഉറപ്പിക്കാനായിട്ടില്ല.
മാത്രമല്ല ബ്രസീലിയൻ ക്ലബ്ബ് സാന്റോസുമായി 32 കാരനായ നെയ്മർ കരാറിലെത്തിയെന്ന റിപ്പോർട്ടുകളും സജീവമാണ്. പ്രമുഖ സ്പോർട്സ് മാധ്യമങ്ങളെല്ലാം നെയ്മർ, സാന്റോസിലാകും പന്തുതട്ടുകയെന്നാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്തായാലും വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ അന്തിമ ചിത്രം കൈവരും.2023 ൽ 90 മില്യൺ യൂറോ ട്രാൻസ്ഫർ ഫീസിലാണ് പി എസ് ജിയിൽ നിന്ന് നെയ്മർ സൗദി ക്ലബ്ബിൽ എത്തുന്നത്. പരിക്കേറ്റതിനെ തുടർന്ന് വെറും ഏഴ് മത്സരങ്ങളിൽ മാത്രമാണ് നെയ്മറിന് അൽ ഹിലാലിനായി ബൂട്ടുകെട്ടാൻ കഴിഞ്ഞത്. നെയ്മറിന്റെ ബാല്യകാല ക്ലബ്ബാണ് സാന്റോസ്. 2026 ഫിഫ ലോകകപ്പ് ആയിരിക്കും തന്റെ അവസാനത്തെ ലോകകപ്പ് എന്ന് താരം നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.