
കൊച്ചി: അമേരിക്ക കൈമാറിയ മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂര്‍ റാണയെ എന്‍ ഐ എ കൊച്ചിയിലെത്തിച്ച് തെളിവെടുക്കാൻ സാധ്യത. കൊച്ചിയില്‍ നിന്ന് പിടിയിലായ നിലവിൽ സാക്ഷിയായിട്ടുള്ള ആളാണ് റാണക്കും ഹെഡ്‌ലിക്കും ഇന്ത്യയില്‍ സഹായം നല്‍കിയതെന്ന് എൻ ഐ എക്ക് വ്യക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് റാണക്കൊപ്പം ഇയാളെയും കൊച്ചിയിലെത്തിച്ച് തെളിവ് ശേഖരിക്കാനുള്ള നീക്കം എന്‍ ഐ എ ശക്തമാക്കിയത്. ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥ സംഘത്തില്‍ കൊച്ചി എന്‍ ഐ എ യൂനിറ്റിലെ രണ്ട് ഉദ്യോഗസ്ഥരും ഉണ്ട്.
ഭീകരരെ റിക്രൂട്ട് ചെയ്യാനാണ് കൊച്ചിയിൽ എത്തിയതെന്ന് റാണ പറഞ്ഞുവെന്നുള്ള സൂചനകൾ പുറത്ത് വന്നിരുന്നു. ഇതിനിടെയാണ് റാണയെയും ഹെഡ്‍ലിയെയും ഇന്ത്യയിൽ സഹായിച്ച ഒരാളെ എൻഐഎ കസ്റ്റഡിയിലെടുത്തത്. റാണയുടെ നിർദ്ദേശപ്രകാരമാണ് ഹെഡ്‍ലിയെ ഇന്ത്യയിൽ സ്വീകരിച്ചതെന്ന് ഇയാള്‍ മൊഴി നൽകിയത്. മുംബൈ ഭീകരാക്രമണത്തിന് പ്ലോട്ടൊരുക്കിയത് ദുബായിലെന്നാണ് സൂചന. ഐഎസ്ഐ ഏജൻറുമായി തഹാവൂർ റാണ ആദ്യ ചർച്ച നടത്തിയത് ദുബായിൽ വച്ചാണെന്നാണ് എൻഐഎ കണ്ടെത്തിയിട്ടുള്ളത്.