ഷഹീനുമായി അൽ-ഫലാഹ് ക്യാമ്പസിലെത്തി എൻഐഎ; അലമാരയിൽ ഒളിപ്പിച്ച നിലയിൽ 18 ലക്ഷം

ഫരീദാബാദ്: ഡൽഹി സ്ഫോടന കേസിൽ അറസ്റ്റിലായ അൽ-ഫലാഹ് സർവകലാശാലയിലെ ഡോ. ഷഹീൻ ഷാഹിദിന്റെ ഹോസ്റ്റൽ മുറിയിൽ നിന്ന് 18 ലക്ഷം രൂപ കണ്ടെത്തിയതായി എൻഐഎ. 32-ാം നമ്പർ മുറിയിലെ അലമാരയിൽ ഒളിപ്പിച്ചുവച്ച നിലയിലാണ് പണം കണ്ടെത്തിയത്. സർവകലാശാലയ്ക്കുള്ളിൽ പ്രവർത്തിക്കുന്ന വൈറ്റ്-കോളർ ഭീകര മൊഡ്യൂളിന്’ പ്രവർത്തിക്കാനുള്ള പണമാണിതെന്നും സംശയിക്കുന്നു.

നവംബർ 10 ന് നടന്ന ഡൽഹി സ്ഫോടനത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് അറസ്റ്റിലായ ഷഹീനെ, എൻഐടി ഏരിയയിലെ ഒരു കടയിൽ തിരിച്ചറിയൽ പരേഡിനായി കൊണ്ടുവന്നു. ശേഷം യൂണിവേഴ്സിറ്റി കാമ്പസിലേക്ക് എത്തിച്ചു. സ്ഫോടകവസ്തുക്കൾ നിർമ്മിക്കാൻ ഇവർ രാസവസ്തുക്കൾ വാങ്ങിയതായി പറയപ്പെടുന്നു. എൻ‌ഐ‌എ സംഘം ആദ്യം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലേക്ക് കൊണ്ടുപോയി. അവിടെ ഇവർ ഉപയോഗിച്ചിരുന്ന ലോക്കർ ചൂണ്ടിക്കാണിച്ചു. വിശദമായ പരിശോധനയ്ക്കായി രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ഹോസ്റ്റൽ മുറിയിലേക്ക് കൊണ്ടുപോയി. ഇവിടെ നടത്തിയ പരിശോധനയിലാണ് 18 ലക്ഷം രൂപ കണ്ടെടുത്തത്.

ഫണ്ടിന്റെ ഉറവിടം കണ്ടെത്തുകയാണെന്നും മൊഡ്യൂളിന്റെ ശൃംഖലയിലൂടെയാണോ അവ എത്തിച്ചേർന്നതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കൈമാറ്റത്തിന് സഹായിച്ചവരെ തിരിച്ചറിയാൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. അൽ-ഫലാഹിൽ പഠിപ്പിക്കുമ്പോഴും ഷഹീൻ മൊഡ്യൂളിൽ സജീവമായി തുടർന്നുവെന്നും സർവകലാശാലയ്ക്കകത്തും പുറത്തും തന്റെ ബന്ധങ്ങളുടെ വലയം വികസിപ്പിക്കുന്നതിനായി പ്രവർത്തിച്ചുവെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

More Stories from this section

family-dental
witywide