ഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടന കേസിൽ എൻഐഎയുടെ നിർണായക നീക്കം. ചാവേർ ആക്രമണം നടത്തിയ ഉമർ നബിയുടെ പ്രധാന സഹായിയും ഡ്രോണുകളും റോക്കറ്റുകളും നിർമിക്കുന്നതിൽ വിദഗ്ധനുമായ കശ്മീർ സ്വദേശി കാസിർ ബിലാൽ വാനി ഡാനിഷിനെ ശ്രീനഗറിൽനിന്ന് അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലെ ഖാസിഗുണ്ട് സ്വദേശിയായ കാസിർ ഡൽഹി ആക്രമണത്തിന്റെ ഗൂഢാലോചനയിൽ നേരിട്ട് പങ്കാളിയായിരുന്നതായാണ് എൻഐഎ കണ്ടെത്തൽ.
ഉമർ നബി രാജ്യത്ത് ഡ്രോൺ ഉപയോഗിച്ചുള്ള ഭീകരാക്രമണം കൂടി ആസൂത്രണം ചെയ്തിരുന്നതായി എൻഐഎ വെളിപ്പെടുത്തി. ഇതിനുള്ള സാങ്കേതിക വിദ്യയും നിർമാണ രീതിയും കാസിർ ബിലാൽ വാനിയാണ് ഉമറിന് പകർന്നുനൽകിയത്. ഡ്രോൺ നിർമാണത്തിനുള്ള ഉപകരണങ്ങൾ കൈമാറിയതിനും ആക്രമണ ആസൂത്രണത്തിനും തെളിവുകൾ എൻഐഎയുടെ കൈവശമുണ്ട്.
ചെങ്കോട്ട ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ കശ്മീരിലെ ഭീകര മൊഡ്യൂളുകളെ ലക്ഷ്യമിട്ട് എൻഐഎ നടത്തുന്ന തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്. പിടിയിലായ കാസിറിന്റെ ചോദ്യം ചെയ്യൽ പുതിയ വിവരങ്ങൾ പുറത്തുകൊണ്ടുവരുമെന്നാണ് പ്രതീക്ഷ. ഡ്രോൺ ഭീഷണി ഗുരുതരമായി കാണുന്ന സാഹചര്യത്തിൽ രാജ്യതലസ്ഥാനത്തിന്റെ സുരക്ഷാ ക്രമീകരണങ്ങളും കർശനമാക്കി.












