
വാഷിംഗ്ടൺ: അടുത്ത വർഷം നടക്കുന്ന ഒഹായോ ഗവർണർ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇന്ത്യൻ വേരുകളുള്ള റിപ്പബ്ലിക്കൻ പാർട്ടി നേതാവ് വിവേക് രാമസ്വാമിയെ കടന്നാക്രമിച്ച് നിക്കി ഹേലിയുടെ മകൻ നളിൻ ഹേലി.
പ്രചരണാർത്ഥം രാമസ്വാമി മുന്നോട്ടുവെച്ച വിദ്യാഭ്യാസത്തെയും കുട്ടികളുടെ സംരക്ഷണത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകളെയാണ് നളിൻ നിശിതമായി വിമർശിക്കുന്നത്. വിവേക് രാമസ്വാമി “മൂന്നാം ലോക പേരൻ്റിങ് രീതി” (Third world parenting ) പ്രോത്സാഹിപ്പിക്കുകയാണെന്നാണ് നളിൻ്റെ പ്രധാന ആരോപണം.
“ഈ പരിഹാസം ഒരു കുട്ടിയുടെയും അടുത്ത് ഉണ്ടാകരുത്, അദ്ദേഹത്തിന്റെ മൂന്നാം ലോക പേരൻ്റിങ് രീതി അമേരിക്കൻ കുട്ടികളുടെ മേൽ അടിച്ചേൽപ്പിക്കാൻ നമുക്ക് തീർച്ചയായും കഴിയില്ല.”-24 കാരനായ ഇന്ത്യൻ വംശജൻ നളിൻ ഹേലി എക്‌സിൽ പോസ്റ്റ് ചെയ്തു. വർഷം മുഴുവൻ സ്കൂളുകൾ തുറന്നിടുകയും സ്കൂൾ പ്രവൃത്തി സമയം നീട്ടി കുട്ടികളെ ഉച്ചകഴിഞ്ഞ് 3 മണിക്ക് പകരം 4 മണിവരെ സ്കൂളിൽ ഇരുത്തുകയും ചെയ്യുന്ന രാമസ്വാമി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നളിൻ പരിഹാസവുമായി എത്തിയത്. കുട്ടികൾ കൂടുതൽ സമയം സ്കൂളിൽ ചെലവഴിച്ചാൽ മാതാപിതാക്കളുടെ ശിശു സംരക്ഷണ ചെലവ് കുറക്കാനാവുമെന്നാണ് വിവേകിൻ്റെ വാദം.
വായനയിലും ഗണിതത്തിലും ഉയർന്ന നിലവാരം പുലർത്തുക, പഠനം കൂടുതൽ ആകർഷകമാക്കുക തുടങ്ങിയ വിദ്യാഭ്യാസ പരിഷ്കരണ പദ്ധതികളെ അദ്ദേഹം പ്രോത്സാഹിപ്പിച്ചുവരുന്നു. അധ്യാപകരുടെ ശമ്പളം പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ളതായിരിക്കണമെന്നും ക്ലാസ് മുറികളിലെ “പ്രത്യയശാസ്ത്രപരമായ ഉള്ളടക്കം” നീക്കം ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തിട്ടുണ്ട്.
2026 ൽ ഒഹായോ ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഇന്ത്യൻ വംശജനായ വിവേക് രാമസ്വാമിക്ക് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രണ്ടാഴ്ച മുമ്പ് തന്റെ പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. വിവേകിൻ്റെ പ്രധാന എതിരാളി ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ആമി ആക്ടൺ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
“അമേരിക്ക ഫസ്റ്റ്” എന്നതിനൊപ്പം ഉയർന്നുവരുന്ന ശബ്ദങ്ങളിൽ ഒരാളാണ് യുവാവായ നളിൻ, കൂടാതെ മാഗ അനുകൂല രാഷ്ട്രീയത്തിൻ്റെ ഉറച്ചസ്വരംകൂടിയാണ് . ഈ മാസം ആദ്യം, നിയമപരവും നിയമവിരുദ്ധവുമായ എല്ലാ കുടിയേറ്റങ്ങളും നിരോധിക്കണമെന്നും എച്ച്-1ബി വിസകൾ നിർത്തലാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തന്റെ വിശ്വസ്തത അമേരിക്കയോടുള്ളതാണെന്നും നളിൻ പറഞ്ഞു, എന്നാൽ അദ്ദേഹത്തിന്റെ ഇന്ത്യൻ വംശജരായ മാതാപിതാക്കൾ കാരണം പലരും ഇത് ചോദ്യം ചെയ്യുകയും നളിനെതിരെ രംഗത്തെത്തുകയും ചെയ്തു. നളിൻ്റെ അമ്മ നിക്കി ഹേലിയുടെ അഛൻ ഒരു പഞ്ചാബി കുടുംബത്തിൽ നിന്നുള്ള വ്യക്തിയാണ്. നളിന്റെ അഭിപ്രായങ്ങൾ വെളുത്ത വർഗ്ഗക്കാരായ ദേശീയവാദികൾക്കിടയിൽ ഒരു വിവാദത്തിന് കാരണമായി, നളിനെ നാടുകടത്തണമെന്ന് പോലും അവർ ആവശ്യപ്പെട്ടു. ഇരട്ട പൗരത്വം ഒരു “മണ്ടത്തരമായ ആശയമാണ്” എന്ന തന്റെ കടുത്ത നിലപാടിൽ നളിൻ ഇപ്പോഴും ഉറച്ചുനിൽക്കുന്നു.
Nikki Haley’s son attacks Vivek Ramaswamy; ‘Imposing Third World parenting on American children’









