
മലപ്പുറം: കേരളം ഉറ്റുനോക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൻ്റെ പരസ്യപ്രചാരണത്തിന് അവസാനം.
മഴയിലും ആവേശം ചോരാതെയായിരുന്നു നിലമ്പൂരിൽ കൊട്ടിക്കലാശം. മൂന്നാഴ്ച നീണ്ട പ്രചാരണ മാമാങ്കത്തിനാണ് നിലമ്പൂർ അങ്ങാടിയിൽ സമാപനമായത്. റോഡ് ഷോയോടെയാണ് മൂന്ന് സ്ഥാനാർത്ഥികളും നഗരത്തിലേക്ക് എത്തിയത്. പി വി അൻവർ കലാശക്കൊട്ട് ഒഴിവാക്കി പരസ്യപ്രചാരണത്തിന്റെ അവസാനമണിക്കൂറിൽ വോട്ടർമാരെ നേരിട്ടു കാണുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. വൈകിട്ട് മൂന്ന് മണിയോടെ പ്രവർത്തകർ താളവും മേളവുമായി പ്രചാരണം കൊഴുപ്പിക്കാനെത്തി. യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് പിന്തുണയുമായി ഡിസിസി പ്രസിഡന്റ് വി എസ് ജോയി, ഷാഫി പറമ്പിൽ എം. പി, യുഡിഎഫ് എംഎൽഎമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജിനൊപ്പം മന്ത്രി മുഹമ്മദ് റിയാസ്, ഉൾപ്പടെ നേതാക്കൾ ആവേശം കൂട്ടാനെത്തി. പി കെ കൃഷ്ണദാസ്, ബി.ഗോപാലകൃഷ്ണൻ ഉൾപ്പടെയുള്ള നേതാക്കൾ ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജിന്റെ കലാശക്കൊട്ടിനെത്തി. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. പരസ്യപ്രചാരണം പൂർത്തിയാകുമ്പോൾ തികഞ്ഞ വിജയപ്രതീക്ഷയിലാണ് സ്ഥാനാർത്ഥികൾ. നിലമ്പൂർ മറ്റന്നാൾ പോളിംഗ് ബൂത്തിലേക്ക് എത്തും. ജൂണ്‍ 23 നാണ് വോട്ടെണ്ണൽ.
കൊടുങ്കാറ്റ് വന്നാലും വോട്ട് പെട്ടിയില്‍ വീഴുമെന്നായിരുന്നു പി വി അൻവർ ആത്മവിശ്വാസം പ്രകടിപ്പിച്ചത്. അവസാന നിമിഷവും പെന്‍ഷൻ ചര്‍ച്ചയാക്കിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് സംസാരിച്ചത്. ക്ഷേമ പെൻഷൻ കൈക്കൂലിയെന്ന കെ സി വേണുഗോപാലിന്‍റെ ആരോപണത്തോട്, കൈക്കൂലി എന്ന് പറഞ്ഞവരോട് നാട് കണക്ക് ചോദിക്കുമെന്ന് സ്വരാജ് തുറന്നടിച്ചു.









