
ടെക്സസ് : ടെക്സസിലെ മാരകമായ വെള്ളപ്പൊക്കത്തിനിടയില്‍ ഒറ്റപ്പെട്ടുപോയ 130 പൂച്ചകളെയും നായ്ക്കളെയും രക്ഷിച്ച് മൃഗസംരക്ഷണ സംഘങ്ങള്‍. മൃഗങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയും അവയുടെ ഉടമസ്ഥരുമായി വീണ്ടും ഒന്നിക്കാന്‍ കഴിയുന്നതുവരെ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യുന്നതിനായുള്ള ശ്രമങ്ങളും തുടങ്ങിക്കഴിഞ്ഞു.
വെള്ളപ്പൊക്കം, ലോസ് ഏഞ്ചല്‍സിലെ തീപിടുത്തം പോലുള്ള ഏത് സാഹചര്യത്തിലും ഒറ്റപ്പെട്ടുപോയ വളര്‍ത്തുമൃഗങ്ങള്‍ക്ക് ഇടം നല്‍കുക എന്നതാണ് തങ്ങള്‍ ചെയ്യുന്നതെന്നും, ഇതിലൂടെ പ്രക്ഷുബ്ധമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുകയാണെന്നും ബെസ്റ്റ് ഫ്രണ്ട്സ് അനിമല്‍ സൊസൈറ്റിയുടെ ചീഫ് പ്രോഗ്രാം ഓഫീസര്‍ മാര്‍ക്ക് പെരാള്‍ട്ട എബിസി ന്യൂസ് ലൈവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ജൂലൈ നാലാം തീയതി പുലര്‍ച്ചെ ടെക്‌സസില്‍ ഉണ്ടായ വിനാശകരമായ വെള്ളപ്പൊക്കത്തില്‍ കുറഞ്ഞത് 120 പേര്‍ മരിച്ചു. 170ലധികം പേരെ കാണാതായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകര്‍ ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.