
സന : വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ക്കൂടിയേ യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ മുന്നില്‍ ഇനി ശേഷിക്കുന്നുള്ളൂ. തന്റെ ജീവന്‍ രക്ഷിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ഇന്ത്യന്‍ സര്‍ക്കാരിനോട്, പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വൈകാരികമായി അഭ്യര്‍ഥിച്ചിരിക്കുകയാണ് മലയാളി നഴ്‌സ് നിമിഷ.
ഈ മാസം 16നാണ് നിമിഷയുടെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബത്തില്‍ നിന്ന് മാപ്പ് ലഭിക്കുക എന്നതാണ് ഇനി നിമിഷയ്ക്ക് മുന്നിലുള്ള ഏക വഴി. യെമനി ശരീഅത്ത് നിയമപ്രകാരം സാധുവായ ‘ബ്ലഡ് മണി’ (ദയാധനം) ആയി 10 ലക്ഷം ഡോളര്‍ (ഏകദേശം 8.6 കോടി രൂപ) നല്‍കാമെന്ന് നിമിഷയുടെ കുടുംബം വാഗ്ദാനം ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ടയാളുടെ കുടുംബം ഈ വാഗ്ദാനം ഇതുവരെ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്തിട്ടില്ല.
അതിവേഗം ഇടപെടാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് നിമിഷ അഭ്യര്‍ഥിക്കുകയാണെന്നും അങ്ങനെ സംഭവിച്ചാല്‍ താന്‍ രക്ഷിക്കപ്പെടുമെന്ന് അവര്‍ക്ക് പ്രതീക്ഷയുണ്ടെന്നും സേവ് നിമിഷ പ്രിയ ഇന്റര്‍നാഷനല്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തകന്‍ ബാബു ജോണ്‍ പറഞ്ഞു. നിമിഷയുടെ കുടുംബത്തിനുവേണ്ടിയുള്ള പവര്‍ ഓഫ് അറ്റോര്‍ണി ഹോള്‍ഡറായ സാമുവല്‍ ജെറോം നിലവില്‍ സനായിലുണ്ട്.













