
സനാ: യെമനിൽ നഴ്സായിരുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണയായെന്ന വാര്‍ത്തയില്‍ ഫെസ്ബുക്കിലൂടെ പ്രതികരിച്ച് കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാല്‍ അബ്ദുള്‍ മഹ്ദിയുടെ സഹോദരന്‍ അബ്ദുള്‍ ഫത്താഹ് മഹ്ദി. വധശിക്ഷ നീട്ടിവെച്ചു എന്നതിനര്‍ത്ഥം വിധി റദ്ദാക്കി എന്നല്ലെന്ന് സഹോദരന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ശിക്ഷ നടപ്പാക്കുന്നത് നീട്ടിവയ്ക്കുന്നത് അസാധാരണമോ അത്ഭുതമുണ്ടാക്കുന്നതോ ആയ സംഭവമല്ല. സമാനമായ പല കേസുകളിലും സംഭവിക്കുന്നതുപോലെ സ്വാഭാവിക നടപടിയാണിത്. നിയമങ്ങളെക്കുറിച്ച് ധാരണയുളളവര്‍ക്ക് ഇക്കാര്യം മനസിലാകും. ഒരു നിശ്ചിത സമയത്തേക്ക് ശിക്ഷ മാറ്റിവെക്കാന്‍ അറ്റോര്‍ണി ജനറലിന് അധികാരമുണ്ട്. സത്യം പരാജയപ്പെടില്ലെന്നും പുതിയ വധശിക്ഷാ തിയതി എത്രയും വേഗം നിശ്ചയിക്കുമെന്നും ഫത്താഹ് കുറിപ്പിൽ പറയുന്നു.
ജൂലൈ 28-നാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങൾ തുടർ ചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാനും ധാരണയായി എന്ന് അറിയിച്ചത്. നേരത്തെ ജൂലൈ 16-ന് നിശ്ചയിച്ച വധശിക്ഷ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്ന് താത്കാലികമായി നീട്ടിവെച്ചിരുന്നു. യെമനിലെ പ്രമുഖ സൂഫി പണ്ഡിതനായ ഷൈഖ് ഹബീബ് ഉമർ ബിൻ ഹബീദുൽ വിഷയത്തിൽ ഇടപെട്ടതോടെയാണ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിനുള്ള അനൗദ്യോഗിക ചർച്ചകൾ ആരംഭിച്ചത്.