
ന്യൂഡല്‍ഹി : യെമനില്‍ വധശിക്ഷയ്ക്ക് വിധിച്ച നിമിഷപ്രിയയുടെ മോചനത്തിനായി മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കാന്‍ നിര്‍ദേശിച്ച് സുപ്രീം കോടതി. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുവെന്ന് അറ്റോര്‍ണി ജനറല്‍ വ്യക്തമാക്കി. വധശിക്ഷ നീട്ടിവച്ചിരിക്കുകയാണെന്നും പുതിയ തീയതി നിശ്ചയിച്ചിട്ടില്ലെന്നും അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി.
ഹര്‍ജിക്കാര്‍ക്ക് യെമനില്‍ പോകണമെങ്കില്‍ കേന്ദ്രസര്‍ക്കാരിന് അപേക്ഷ നല്‍കാമെന്നും, കേന്ദ്രം ഈ അപേക്ഷ പരിഗണിക്കട്ടെയെന്നുമാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. അതേസമയം, ആക്ഷന്‍ കൗണ്‍സിലിന്റെ ആവശ്യം കേന്ദ്രം അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ ലീഗല്‍ അഡൈ്വസര്‍ സുഭാഷ് ചന്ദ്രന്‍ പ്രതികരിച്ചു. ഓഗസ്റ്റ് 14നാണ് ഇനി കേസ് പരിഗണിക്കുക.
യാത്രാനുമതിക്കായി നാല് പേര്‍ അടങ്ങുന്ന പ്രതിനിധി സംഘത്തിന്റെ ലിസ്റ്റ് ഉടന്‍ തന്നെ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും യെമനിലേക്കുള്ള യാത്ര അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞു
അതേസമയം, കാന്തപുരത്തിന്റെ ഇടപെടലിനെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എതിര്‍ത്തില്ല. കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രാലയ വക്താവ് കാന്തപുരത്തിന്റെ ഇടപെടലിനെക്കുറിച്ച് അറിവില്ലെന്ന മട്ടിലാണ് സംസാരിച്ചത്.