നിമിഷപ്രിയ വധശിക്ഷ: റദ്ദാക്കാന്‍ ധാരണയെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ ഓഫീസ്

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ കഴിയുന്ന നിമിഷ പ്രിയയുടെ വധ ശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങള്‍ തുടര്‍ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ തീരുമാനിക്കാനും ധാരണയായെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ഓഫീസ്. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ ആവശ്യപ്രകാരം ശൈഖ് ഉമര്‍ ഹഫീള് തങ്ങള്‍ നിയോഗിച്ച യമന്‍ പണ്ഡിത സംഘത്തിനു പുറമെ, നോര്‍ത്തേണ്‍ യെമനിലെ ഭരണാധികാരികളും അന്താരാഷ്ട്ര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചര്‍ച്ചകളിലാണ് തീരുമാനമെന്ന് കാന്തപുരത്തിന്റെ ഓഫിസ് അറിയിച്ചു.

യമനിലെ പ്രസിദ്ധ സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള് മുഖാന്തിരം ആയിരുന്നു കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ഈ കേസില്‍ നിര്‍ണായകമായ ഇടപെടലുകള്‍ നടത്തിയത്. തലാലിന്റെ നീതിക്ക് വേണ്ടിയുള്ള ആക്ഷന്‍ കൗണ്‍സിലിന്റെ പ്രതിനിധിയും യമന്‍ ആക്ടിവിസ്റ്റും ആയ സര്‍ഹാന്‍ ഷംസാന്‍ അല്‍ വിസ്വാബി ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട്.മതപണ്ഡിതന്മാരുടെ ശക്തമായ ഇടപെടലിലൂടെ വധശിക്ഷ പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട് എന്നും ജയില്‍ മോചനമോ ജീവപര്യന്തമോ മാത്രമേ ഇനി ഉണ്ടാവുകയുള്ളൂ എന്നുമാണ് സര്‍ഹാന്‍ ഷംസാന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്.

കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടര്‍ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും തുടർ നടപടികൾ. നേരത്തെ ജൂലൈ 16 ന് നിശ്ചയിച്ച നിമിഷ പ്രിയയുടെ വധശിക്ഷ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്ന് താത്കാലികമായി നീട്ടിയിരുന്നു

More Stories from this section

family-dental
witywide