
തിരുവനന്തപുരം : യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചതായി റിപ്പോര്‍ട്ട്. യെമനിലെ മനുഷ്യാവകാശ പ്രവര്‍ത്തകനായ സാമുവൽ ജെറോ ഇക്കാര്യം സ്ഥീരികരിച്ചിട്ടുണ്ട്.
കേന്ദ്രസര്‍ക്കാരും ഇക്കാര്യം സ്ഥിരീകരിച്ചു.കാന്തപുരം ഉള്‍പ്പെടെ ഉള്ളവരുടെ ഇടപെടലില്‍ യെമനില്‍ നടക്കുന്ന ചര്‍ച്ചകളിലാണ് തീരുമാനം എന്നാണ് വിവരം. ദയാധനം സ്വീകരിക്കാന്‍ തലാലിന്റെ കുടുംബം തയ്യാറായെന്നും ചില സൂചനകള്‍ പുറത്തുവരുന്നുണ്ട്. നാളെ വധശിക്ഷ നടപ്പിലാക്കാനിരിക്കെയാണ് ഏറെ ആശ്വാസം പകരുന്ന തീരുമാനം എത്തിയിരിക്കുന്നത്. യെമനിലെ സൂഫി പണ്ഡിതൻ ഷെയ്ഖ് ഹബീബ് ഉമറിന്റെ ഇടപെടലുകളാണ് നിർണായകമായത്. കാന്തപുരവുമായി അടുത്ത സൗഹൃദമുള്ളയാളാണ് ഷെയ്ഖ് ഹബീബ്.
2015 യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ ക്ലിനിക് ആരംഭിച്ചിരുന്നു. പിന്നീട് സഹപ്രവര്‍ത്തകയുമായി ചേര്‍ന്ന് തലാലിനെ കൊന്നുവെന്നാണ് കേസ്. ഈ കേസില്‍ അറസ്റ്റിലായതു മുതല്‍ ജയിലിലാണു പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷപ്രിയ. ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ 2020ലാണ് വധശിക്ഷയ്ക്ക് വിധിച്ചത്.