
യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷ പ്രിയയുടെ മോചന ചർച്ചകളിൽ നിന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരെയും സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിലിനെയും വിലക്കണമെന്ന ഗ്ലോബൽ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകൻ കെ.എ. പോളിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. മാധ്യമ റിപ്പോർട്ടിങ് നിരോധിക്കണമെന്നും കേന്ദ്രസർക്കാരിനും തനിക്കും മാത്രം ചർച്ചകൾ നടത്താനുള്ള അവകാശം അനുവദിക്കണമെന്നുമുള്ള പോളിന്റെ ഹർജി കോടതി നിരാകരിച്ചു. കാന്തപുരവും ആക്ഷൻ കൗൺസിലും പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണവും പോൾ ഉന്നയിച്ചിരുന്നെങ്കിലും, ഇവർക്ക് കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് അവകാശപ്പെട്ടു. എന്നാൽ, മാധ്യമ വിലക്ക് ആവശ്യപ്പെട്ട ഹർജി പരിഗണിക്കവേ, ഇനി നിമിഷയ്ക്ക് എന്ത് സംഭവിച്ചാലും തനിക്ക് ഉത്തരവാദിത്വമില്ലെന്ന് വ്യക്തമാക്കി പോൾ ഹർജി പിൻവലിച്ചു.
നിമിഷ പ്രിയയുടെ കേസ് അതീവ സെൻസിറ്റീവാണെന്ന് അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി സുപ്രീം കോടതിയെ അറിയിച്ചു. കേന്ദ്രസർക്കാർ ചർച്ചകൾ നടത്തിവരികയാണെന്നും മാധ്യമങ്ങളെ ഇതേക്കുറിച്ച് അറിയിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെയും കാന്തപുരത്തിന്റെയും ഇടപെടലുകളാണ് വധശിക്ഷ നടപ്പാക്കൽ നീട്ടിവയ്ക്കാൻ കാരണമായതെന്ന് സേവ് നിമിഷ പ്രിയ ആക്ഷൻ കൗൺസിൽ കോടതിയിൽ വാദിച്ചു. തങ്ങൾ പണപ്പിരിവ് നടത്തുന്നില്ലെന്നും ആക്ഷൻ കൗൺസിലിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ രാകേന്ദ് ബസന്തും അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ കെ.ആറും കോടതിയെ അറിയിച്ചു.