കണ്ണിൽ ചോരയില്ലാതെ! മലപ്പുറത്ത് ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ ഒന്നര ലക്ഷം രൂപക്ക് വിറ്റു; അമ്മയടക്കം 3 പേര്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറം തിരൂരില്‍ മാസങ്ങള്‍ മാത്രമുള്ള കുഞ്ഞിനെ വിൽപ്പന നടത്തി മാതാപിതാക്കളുടെ ക്രൂരത. ഒന്നരലക്ഷം രൂപക്കാണ് ഒന്‍പത് മാസം പ്രായമുള്ള കുഞ്ഞിനെ മാതാപിതാക്കൾ വിറ്റത്. വിറ്റവരും വാങ്ങിയവരും തമിഴ്‌നാട് സ്വദേശികളാണ്. വിവരമറിഞ്ഞതിനെ തുടര്‍ന്ന് കുഞ്ഞിനെ തിരൂര്‍ പോലീസ് എത്തി ഏറ്റെടുത്തു. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ കീര്‍ത്തന, രണ്ടാനച്ഛന്‍ ശിവ, കുട്ടിയെ വാങ്ങിയ ആദി ലക്ഷ്മി, ഇടനിലക്കാരായ ശെന്തില്‍ കുമാര്‍, പ്രേമലത എന്നിവരെ അറസ്റ്റ് ചെയ്തതായി തിരൂര്‍ പോലീസ് അറിയിച്ചു.

വളര്‍ത്തുക എന്ന ഉദ്ദേശത്തോടെയായാണ് കുഞ്ഞിനെ വാങ്ങിയതെന്ന് ആദിലക്ഷ്മി മൊഴി നല്‍കി. അമ്മയും രണ്ടാനച്ഛനും ചേര്‍ന്നാണ് 9 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വിറ്റത്. കോഴിക്കോട് താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയായ യുവതിക്കാണ് ഇവര്‍ കുഞ്ഞിനെ കൈമാറിയതെന്നാണ് ലഭ്യമാകുന്ന വിവരം. 3 ലക്ഷം രൂപയാണ് കുഞ്ഞിന് ഇവര്‍ ആവശ്യപ്പെട്ടത്. പിന്നീട് ഒന്നരലക്ഷം രൂപയ്ക്ക് കരാറുറപ്പിച്ച് കുഞ്ഞിനെ കൈമാറുകയായിരുന്നു.

തമിഴ്‌നാട് സേലം സ്വദേശികളായ കുഞ്ഞിന്റെ കുടുംബം തിരൂരിലുളള വാടക ക്വാര്‍ട്ടേഴ്‌സിലാണ് താമസിച്ചിരുന്നത്.അയല്‍ക്കാര്‍ കുഞ്ഞിനെ കാണാത്തിനെ തുടര്‍ന്ന് മാതാപിതാക്കളോട് ചോദിച്ചപ്പോള്‍ മാതാപിതാക്കള്‍ വ്യക്തമായ ഉത്തരം നല്‍കിയില്ല. അതോടെ അയല്‍ക്കാരാണ് തിരൂര്‍ പോലീസില്‍ പരാതി നല്‍കി. പോലീസെത്തി അന്വേഷിച്ചപ്പോഴും ഇവര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് കുഞ്ഞിനെ മറ്റൊരാള്‍ക്ക് കൈമാറിയെന്ന വിവരം ഇവര്‍ പറയുന്നത്. അങ്ങനെയാണ് കോഴിക്കോട് താമസിക്കുന്ന യുവതിയിലേക്ക് അന്വേഷണമെത്തുന്നത്. ഈ യുവതി പറയുന്നത് സ്വന്തം മകളായി വളര്‍ത്താനാണ് കുഞ്ഞിനെ വാങ്ങിയതെന്നാണ്. കുഞ്ഞിന്റെ അമ്മയായ കീര്‍ത്തനയുടെ ആദ്യ ഭര്‍ത്താവിലെ കുട്ടിയാണിത്. കുഞ്ഞിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

More Stories from this section

family-dental
witywide