കേരളത്തിൽ നിപ ആശങ്ക കനക്കുന്നു, പാലക്കാട്ടെ രോഗിയുടെ സ്ഥിതി ഗുരുതരം, കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി, സമ്പര്‍ക്കപ്പട്ടികയില്‍ 425 പേര്‍, ജാഗ്രത

പാലക്കാട്: നിപ വൈറസ് ബാധയെത്തുടർന്ന 2 പേർക്ക് ജീവൻ നഷ്ടമായെന്ന് വ്യക്തമായതിന് പിന്നാലെ സംസ്ഥാനം നിപ ജാഗ്രതയിൽ. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാലക്കാട്ടെ നിപ രോഗിയുടെ ആരോഗ്യസ്ഥിതി ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വെൻ്റിലേറ്റർ സൗകര്യത്തോടെയാണ് ആംബുലൻസിൽ കോഴിക്കോട്ടേക്ക് കൊണ്ടുപോയത്. നിലവിലെ സാഹചര്യത്തിൽ കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ നിപ ജാഗ്രത വർധിപ്പിച്ചിട്ടുണ്ട്.

അതിനിടെ സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേരുള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്. 5 പേര്‍ ഐ സി യു ചികിത്സയിലുണ്ട്. സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാളുടെ പരിശോധനാ ഫലം നെഗറ്റീവാണ്. പാലക്കാട് ഒരാള്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. പാലക്കാട് 61 ആരോഗ്യ പ്രവര്‍ത്തകര്‍ സമ്പർക്കപ്പട്ടികയിലുണ്ട്. കോഴിക്കോട് ജില്ലയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള 87 പേരും ആരോഗ്യ പ്രവര്‍ത്തകരാണ്.

പ്രദേശത്ത് പനി സര്‍വൈലന്‍സ് നടത്താന്‍ നിര്‍ദേശം നല്‍കി. മാനസിക പിന്തുണ ഉറപ്പാക്കണം. പാലക്കാട് സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ അവിടെ തന്നെ ഐസൊലേറ്റ് ചെയ്യണം. സാമ്പിളുകള്‍ മാത്രം പരിശോധനയ്ക്ക് അയച്ചാല്‍ മതിയാകും. നിപ സ്ഥിരീകരിച്ച പാലക്കാട്ടേയും മലപ്പുറത്തേയും വ്യക്തികളുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു. കനിവ് 108 ഉള്‍പ്പെടെയുള്ള ആംബുലന്‍സുകള്‍ സജ്ജമാണ്. ഉറവിടം കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

More Stories from this section

family-dental
witywide