
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് ചങ്ങലീരിയില്‍ നിപ ബാധിച്ച മരിച്ച വ്യക്തിയുടെ മകനാണ് നിപ ബാധ സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധയിലാണ് നിപ പോസിറ്റീവായത്. മരിച്ച 57 കാരനൊപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്നത് 32 കാരനായ മകനാണ്. അങ്ങനെ ആണ് മകനും നിപ പിടിപെട്ടത്.
ഇതോടെ നിപ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.17 വാര്‍ഡുകളില്‍ ഇപ്പോള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രദേശത്ത് കര്‍ശനമായ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നിപ ബാധിച്ച് മരിച്ച 57 കാരന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള മുഴുവന്‍ ആളുകളും നിലവില്‍ ക്വാറന്റീനില്‍ ആണ്. അതില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പാലക്കാട് മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലാണ്.
ചങ്ങലീരി സ്വദേശിയായ 57കാരന്‍ പനി ബാധിച്ച് മണ്ണാര്‍ക്കാട് സ്വകാര്യ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. എന്നാല്‍ പനി കുറയാതെ വന്നതോടെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നില കൂടുതല്‍ വഷളായതോടെ വിദഗ്ധ ചികിത്സയ്ക്കായി കഴിഞ്ഞ ദിവസമാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ചികിത്സയിലിരിക്കെ ജൂലൈ 12 ശനിയാഴ്ച മരണം സംഭവിച്ചു. നിപ രോഗ ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. പാലക്കാട് നാട്ടുകല്‍ സ്വദേശിനിയായ 38 കാരി നിപ സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ജില്ലയിലെ 6 വാര്‍ഡുകളില്‍ ഏര്‍പ്പെടുത്തിയ കണ്ടൈന്‍മെന്റ് സോണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്. പിന്നാലെയാണ് ജില്ലയില്‍ വീണ്ടും നിപ സ്ഥിരീകരിക്കുന്നത്.