ദില്ലി : രാജ്യത്ത് റോഡപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയർന്നതായും 2024 ൽ റോഡപകട മരണം 1.77 ലക്ഷമായി ഉയർന്നുവെന്നും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. പ്രതിദിനം ഏകദേശം 485 പേർ മരണപ്പെടുന്നുവെന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ട കണക്കുകൾ സൂചിപ്പിക്കുന്നുതെന്നും മന്ത്രി പാർലമെന്റിൽ പറഞ്ഞു.
2023 ൽ 4,80,583 റോഡ് അപകടങ്ങളാണ് ഉണ്ടായത്. 1,72,890 പേർ മരിക്കുകയും 4,62,825 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ 2024 ലെ കണക്ക് അനുസരിച്ച് മരണസംഖ്യ 1.77 ലക്ഷമായി ഉയർന്നു. ഇത് പ്രകാരം, രാജ്യത്ത് ഓരോ ദിവസവും റോഡപകടങ്ങളിൽ 485 പേർക്ക് ജീവൻ നഷ്ടപ്പെടുന്നു എന്നാണ് കണക്ക്.
റോഡപകടങ്ങളിലെ മരണങ്ങളിൽ 60 ശതമാനവും 18-നും 34-നും ഇടയിൽ പ്രായമുള്ള യുവാക്കളാണ് എന്നതാണ് ഏറ്റവും ഞെട്ടിക്കുന്ന കണക്ക്. റോഡപകടങ്ങളിലെ മരണം രാജ്യത്തിന് അന്താരാഷ്ട്ര വേദികളിൽ പോലും നാണക്കേടുണ്ടാക്കുന്നതാണെന്നും റോഡപകടങ്ങൾ തടയാൻ കർശനമായ നടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ലോക്സഭയെ അറിയിച്ചു.
റോഡപകടങ്ങൾക്ക് പ്രധാന കാരണം റോഡ് എഞ്ചിനീയറിങ്ങിലെ പിഴവുകളും റോഡിലെ നിയമങ്ങൾ പാലിക്കാത്തതുമാണെന്നും പ്രശ്നം പരിഹരിക്കുന്നതിനായി രാജ്യവ്യാപകമായി 77 അതീവ അപകട സാധ്യതയുള്ള റോഡുകൾ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ നവീകരണത്തിനും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിനുമായി 40,000 കോടി അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഹെൽമറ്റ് ധരിക്കാത്തത് മൂലം ഏകദേശം 30,000 പേർ മരണപ്പെട്ടതായും, സ്കൂളുകളുടെയും കോളേജുകളുടെയും പ്രവേശന/പുറത്തുകടക്കുന്ന ഭാഗങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളുടെ അപര്യാപ്തത മൂലം 10,000 കുട്ടികൾ മരിച്ചതായും കേന്ദ്രമന്ത്രി വ്യക്തമാക്കി.
Nitin Gadkari says road accident deaths are increasing in the country; 1.77 lakh road accident deaths in 2024; 485 people die every day









