‘കൊലയാളി കോൺഗ്രസേ, നിനക്കിതാ ഒരു ഇരകൂടി’; ആത്മഹത്യക്ക് ശ്രമിച്ച് ഡിസിസി മുൻ ട്രഷററുടെ മരുമകൾ, ആശുപത്രിയിൽ പ്രവേശിപ്പിച്ചു

വയനാട്: കോൺഗ്രസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച വയനാട് മുൻ ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ മരുമകൾ പത്മജ ആത്മഹത്യക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചാണ് അവർ ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായ പരിക്കുകളില്ലെന്നും ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും പോലീസ് അറിയിച്ചു.
​‘കൊലയാളി കോൺഗ്രസേ നിനക്കിതാ ഒരു ഇരകൂടി’ എന്ന് എഴുതിയ ഒരു ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. വിജയൻ്റെ മരണശേഷം കോൺഗ്രസ് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് പത്മജ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. പാർട്ടിക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് അവർ ഉന്നയിച്ചത്.
​കോൺഗ്രസിനെതിരെ രൂക്ഷമായ വിമർശനം
​എൻ എം വിജയൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കെപിസിസി നേതൃത്വം കുടുംബത്തിന് നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്നാണ് പത്മജയുടെ പ്രധാന ആരോപണം. കോൺഗ്രസ് പ്രസ്ഥാനത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും, രണ്ടരക്കോടി രൂപയുടെ ബാധ്യത തീർക്കാമെന്ന് പറഞ്ഞ് പാർട്ടി നേതൃത്വം വീണ്ടും വഞ്ചിക്കുകയായിരുന്നെന്നും അവർ പറഞ്ഞു. ഈ വിഷയത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് പത്മജ വ്യക്തമാക്കി.
​ടി സിദ്ദിഖ് എംഎൽഎയാണ് പണം നൽകാമെന്ന് കാണിച്ച് കരാറിൽ ഒപ്പിട്ടതെന്ന് പത്മജ വെളിപ്പെടുത്തി. കരാറിൻ്റെ രേഖകൾ വാങ്ങാൻ വക്കീലിൻ്റെ അടുത്ത് പോയപ്പോൾ സിദ്ദിഖ് ദേഷ്യപ്പെട്ടതായും അവർ ആരോപിച്ചു. ഭർത്താവ് ആശുപത്രിയിൽ ആയിരുന്നപ്പോൾ പോലും ബില്ലടയ്ക്കാൻ പണമില്ലായിരുന്നു. സത്യസന്ധമായി പ്രവർത്തിക്കുന്നവരെ കോൺഗ്രസ് കൊന്നൊടുക്കുന്നു, കള്ളന്മാർ വെള്ളയും വെള്ളയും ഇട്ട് നടക്കുന്നു, പാർട്ടിയെ വിശ്വസിക്കുന്നവർ മരിക്കുന്നു എന്നും പത്മജ പറഞ്ഞു. കോൺഗ്രസിൻ്റെ ഔദാര്യം ഇനി ആവശ്യമില്ലെന്നും അവർ വ്യക്തമാക്കി.
​ഉറപ്പ് പാലിക്കപ്പെട്ടില്ല
​വിജയൻ്റെ കുടുംബത്തിൻ്റെ സാമ്പത്തിക ബാധ്യത കഴിയുന്നത്ര വേഗത്തിൽ തീർക്കുമെന്ന് നേതാക്കൾ വാക്ക് നൽകിയിരുന്നു. കോഴിക്കോട് ഡിസിസി ഓഫീസിൻ്റെ ഉദ്ഘാടന ചടങ്ങിൽ കുടുംബം പരാതിയുമായി എത്തിയപ്പോഴാണ് പാർട്ടി ഈ ഉറപ്പ് നൽകിയത്. കെപിസിസി നിയോഗിച്ച സമിതി തിരിഞ്ഞുനോക്കുന്നില്ലെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. എന്നാൽ, ഇതുവരെ 20 ലക്ഷം രൂപ മാത്രമാണ് കോൺഗ്രസ് നൽകിയത്. രണ്ടരക്കോടി രൂപയുടെ ബാധ്യതയുടെ കണക്ക് കുടുംബം പാർട്ടിക്ക് നൽകിയിരുന്നു. നിലവിൽ തങ്ങൾക്ക് ലഭിച്ച ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെന്നാണ് എൻ എം വിജയൻ്റെ മരുമകൾ ആരോപിക്കുന്നത്. ഈ സംഭവത്തിൽ കോൺഗ്രസ് നേതൃത്വം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

More Stories from this section

family-dental
witywide