
തിരുവനന്തപുരം: സംസ്ഥാന സർക്കാർ നടത്തിയ ഫിലിം കോൺക്ലേവിലെ വിവാദ പരാമർശത്തിന്‍റെ പേരിൽ സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ കേസെടുക്കില്ല. അടൂരിന്‍റെ പരാമർശങ്ങളിൽ കേസെടുക്കാൻ കഴിയില്ലെന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. അടൂരിന്റെ പ്രസംഗത്തിനെതിരെ ഉയർന്ന പരാതികൾ പരിശോധിച്ച ശേഷമാണ് ഈ നിയമോപദേശം ലഭിച്ചത്. പ്രസംഗത്തിൽ എസ്‌സി/എസ്‌ടി വിഭാഗങ്ങൾക്കെതിരെ യാതൊരു വിധത്തിലുള്ള അധിക്ഷേപകരമായ പരാമർശങ്ങളോ വിവാദ പ്രസ്താവനകളോ ഇല്ലെന്ന് നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.
അടൂർ ഗോപാലകൃഷ്ണൻ്റെ പ്രസംഗം സാമൂഹ്യ മാധ്യമങ്ങളിൽ വിവാദമായതിനെ തുടർന്നാണ് പരാതികൾ ഉയർന്നത്. എന്നാൽ ദളിത് – സ്ത്രീ വിഭാഗങ്ങൾക്കുള്ള ഫണ്ട് നിർത്തലാക്കണമെന്നോ ഫണ്ട് നൽകുന്ത് ശരിയല്ലെന്നോ അടൂർ പറഞ്ഞിട്ടില്ലെന്ന് നിയമോപദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. കൃത്യമായ പരിശീലനം നൽകണമെന്നാണ് അടൂർ ആവശ്യപ്പെട്ടതെന്നും വിവരിക്കുന്നുണ്ട്. ഒരു വിഭാഗത്തെയും പരോക്ഷമായി പോലും അടൂർ അധിക്ഷേപിച്ചിട്ടില്ലെന്നും നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തിൽ, നിലവിൽ കേസ് രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് പൊലീസിന് ലഭിച്ച നിർദേശം.
അതിനിടെ ഫിലിം കോൺക്ലേവിലെ വിവാദ പരാമർശത്തിന്‍റെ പേരിൽ അടൂർ ഗോപാലകൃഷ്ണനെതിരെ വനിതാ കമ്മീഷന് പരാതി ലഭിച്ചിട്ടുണ്ട്. വുമണ കളക്ടീവ് ഇൻ സിനിമ (ഡബ്ല്യു സി സി), ദിശ, അന്വേഷി ഉൾപ്പെടെ വനിതാ സംഘടനകളാണ് പരാതി നൽകിയത്. അടൂരിനെ വിളിച്ചുവരുത്തി വിശദീകരണം തേടണമെന്നാണ് ആവശ്യം. സർക്കാർ പരിപാടികളിൽ നിന്ന് അടൂരിനെ മാറ്റിനിർത്താൻ നിർദേശം നൽകണമെന്നും വനിതാ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്. അടൂരിന്‍റേത് സ്ത്രീ വിരുദ്ധ പരാമർശമെന്നും ഗായിക പുഷ്പവതിയെ അധിക്ഷേപിച്ചെന്നും പരാതിയിൽ പറയുന്നു.