
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ കൂടിക്കാഴ്ചയിലും പിഎം ശ്രീ വിവാദത്തിൽ അനുനയമില്ല. വിഷയത്തിലെ തങ്ങളുടെ എതിർപ്പ് മുഖ്യമന്ത്രിയുമായുള്ള ചർച്ചയിലും സി പി ഐ കടുപ്പിച്ചു. മുഖ്യമന്ത്രി നേരിട്ട് നടത്തിയ അനുനയ നീക്കവും പാളിയതോടെ സി പി ഐ കൂടുതൽ കടുത്ത നിലപാടിലേക്ക് കടക്കുകയാണ്. ആലപ്പുഴയിൽ നടന്ന ചർച്ചയ്ക്കു ശേഷവും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത സിപിഐ, മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു. മറ്റന്നാൾ നടക്കാനിരിക്കുന്ന മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.
ചർച്ചയ്ക്കു ശേഷം ബിനോയ് വിശ്വം സിപിഐ മന്ത്രിമാരുമായും സംസ്ഥാന നേതാക്കളുമായും കൂടിയാലോചന നടത്തി, ഈ യോഗത്തിലാണ് മന്ത്രിസഭാ യോഗം ബഹിഷ്കരിക്കാനുള്ള നിർണായക രാഷ്ട്രീയ തീരുമാനം കൈക്കൊണ്ടത്. പിഎം ശ്രീ വിഷയത്തിൽ സർക്കാരിന്റെ നിലപാടിനോടുള്ള എതിർപ്പ് പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് സിപിഐ വൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ച ആലപ്പുഴയിൽ ചേർന്ന സംസ്ഥാന നിർവാഹക സമിതി യോഗത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലെന്ന നിലപാടാണ് പാർട്ടിക്ക് മേൽകൈ ലഭിച്ചത്. വേണ്ടിവന്നാൽ മന്ത്രിമാരെപ്പോലും പിൻവലിക്കാൻ സിപിഐ തയ്യാറാണെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. മന്ത്രിമാരായ കെ. രാജനും പി. പ്രസാദും രാജി സന്നദ്ധത അറിയിച്ചതായും വിവരമുണ്ട്.
സിപിഎം നിലപാടിൽ മാറ്റം വരുത്താൻ തയ്യാറല്ലാത്ത സാഹചര്യത്തിൽ, ധാരണാപത്രം റദ്ദാക്കണമെന്ന സിപിഐയുടെ ആവശ്യം പരിഗണിക്കാനാവില്ലെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് മന്ത്രി വി. ശിവൻകുട്ടി ബിനോയ് വിശ്വവുമായി നേരിട്ട് ചർച്ച നടത്തിയെങ്കിലും സിപിഐ തീരുമാനത്തിൽനിന്ന് പിന്മാറിയില്ല. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി അനുനയത്തിനായി നേരിട്ടിറങ്ങിയത്. ഞായറാഴ്ച വിദേശയാത്ര കഴിഞ്ഞെത്തിയ മുഖ്യമന്ത്രി, ആലപ്പുഴ ഗസ്റ്റ് ഹൗസിലെത്തി സി പി ഐ നേതാക്കളെ നേരിൽ കണ്ടെങ്കിലും അനുനയ നീക്കം പാളുകയായിരുന്നു.
മുന്നണിയിൽ ചർച്ചകളില്ലാതെ സംസ്ഥാന സർക്കാർ പിഎം ശ്രീ ധാരണാപത്രത്തിൽ ഒപ്പുവെച്ചതാണ് സിപിഐയുടെ പ്രതിഷേധത്തിന് കാരണം. മുഖ്യമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒക്ടോബർ 9-ന് ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ തീരുമാനമുണ്ടായത്. തുടർന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകി ഡൽഹിയിലെത്തി കേന്ദ്ര സർക്കാരുമായി ധാരണാപത്രത്തിൽ ഒപ്പിട്ടു. മുന്നണി മര്യാദയുടെ ലംഘനമാണിതെന്ന് ആരോപിച്ച് സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയും ബിനോയ് വിശ്വവും പരസ്യ വിമർശനം ഉന്നയിച്ചു, ഇത് എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനരീതിയല്ലെന്നും അവർ കുറ്റപ്പെടുത്തി.












